റണ്‍സുകൊണ്ട് ദീപാവലി ആഘോഷിച്ച് രോഹിത് ശര്‍മ്മ; പരമ്പര സ്വന്തമാക്കി ഇന്ത്യ

November 7, 2018

വെസ്റ്റ്ഇന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയുടെ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് രോഹിത് ശര്‍മ്മ. അറുപത്തിയൊന്ന് പന്തുകളില്‍ നിന്നുമായി 111 റണ്‍സ് അടിച്ചെടുത്താണ് താരം ദീപാവലി ആഘോഷിച്ചത്. ഇതില്‍ എട്ട് ബൗണ്ടറിയും ഏഴ് സിക്‌സും ഉള്‍പ്പെടും. മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയം കണ്ടു. ഇതോടെ ഒരു മത്സരം ബാക്കി നില്‍ക്കെ ഇന്ത്യ പരമ്പര സ്വന്തമാക്കി.

ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ ഇരുപത് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 124 റണ്‍സ് എടുത്ത് പുറത്തായി. ബൗളിങിലും ഇന്ത്യ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്.

തകര്‍പ്പന്‍ റണ്‍സ് അടിച്ചെടുത്തതോടെ ചില റെക്കോര്‍ഡുകളും രോഹിത് ശര്‍മ്മ സൃഷ്ടിച്ചു. ട്വന്റി20 പരമ്പരയില്‍ ഇന്ത്യയ്ക്കായി ഏറ്റവും അധികം റണ്‍സ് നേടിയ താരം എന്ന ബഹുമതിയും ഇനിമുതല്‍ രോഹിത് ശര്‍മ്മയ്ക്ക് സ്വന്തം. അന്താരാഷ്ട്ര ട്വന്റി20യില്‍ നാല് സെഞ്ചുറി നേടുന്ന ആദ്യ താരവും രോഹിത് തന്നെ.