സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി ഇന്ത്യന്‍ ടീമിന്റെ ബസ് യാത്ര; വീഡിയോ കാണാം

November 13, 2018

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബസ് യാത്രയിലെ ചില തമാശക്കാഴ്ചകള്‍. വെസ്റ്റ്ഇന്‍ഡീസിനെതിരെ നടന്ന അവസാന ട്വന്റി20 പരമ്പയിലും വിജയിച്ച് സ്റ്റേഡിയത്തില്‍ നിന്നും ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെയുള്ള താരങ്ങളുടെ പ്രകടനങ്ങള്‍ക്കാണ് ആരാധകര്‍ കൈയടിക്കുന്നത്.

യുസ്വേന്ദ്ര ചാഹലാണ് വീഡിയോയിലെ പ്രധാന താരം. ബസിനകത്തെ രസക്കാഴ്ചകള്‍ ആരാധകര്‍ക്കായി പകര്‍ത്തിയതും യുസ്വേന്ദ്ര ചാഹല്‍ തന്നെയാണ്. ബിസിസിഐയാണ് ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ഓരോ താരങ്ങളുടെയും ചെറിയ അഭിമുഖം ആരാധകര്‍ക്കായി പകര്‍ത്തുകയായിരുന്നു ചാഹല്‍. ആദ്യം രോഹിത് ശര്‍മ്മയെയാണ് ചാഹല്‍ സമീപിച്ചത്. അവസാന ഓവറില്‍ കളി മാറിമറിയുമെന്ന് പ്രതീക്ഷിച്ചില്ലെന്നും വിജയിച്ചതില്‍ സന്തോഷമുണ്ടെന്നും രോഹിത് വ്യക്തമാക്കി. റിഷഭ് പന്തിന്റെ തകര്‍പ്പന്‍ ഷോട്ടിനെക്കുറിച്ചായിരുന്നു അടുത്ത ചോദ്യം. പുതിയ ഷോട്ടുകള്‍ ക്യാപ്റ്റനില്‍ നിന്നാണ് കണ്ടുപിടിച്ചതെന്നായിരുന്നു പന്തിന്റെ മറുപടി.

ശിഖര്‍ ധവാനോടായിരുന്നു ചാഹലിന്റെ അടുത്ത ചോദ്യം. ഋഷഭ് പന്തിനൊപ്പം ഏറെ ആസ്വദിച്ചാണ് ബാറ്റിങ് ചെയ്തതെന്നും ശിഖര്‍ ധവാന്‍ പറഞ്ഞു. എന്തായാലും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച ബസിനുള്ളിലെ ഈ കൗതുക കാഴ്ച ഇന്ത്യന്‍ ടീമിന്റെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.