ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്‌സിനെ മുട്ടുകുത്തിച്ച് ഗോവൻ പട

November 11, 2018

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിലെ മത്സരത്തിൽ ഗോവ എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ചു.ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പടയുടെ ദയനീയ തോല്‍വി. കളി തുടങ്ങി പതിനൊന്നാം മിനിറ്റില്‍ തന്നെ ഗോവന്‍ പട കൊമ്പന്‍മാരുടെ ഗോള്‍വല കുലുക്കി.

ആദ്യ പകുതി പിന്നിടുമ്പോള്‍ സ്പാനിഷ് താരം ഫെറാന്‍ കൊറോമിനസിന്റെ രണ്ട് ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സിനെ പിന്നിലാക്കിയത്. ഒടുവില്‍ 67 ആം  മിനിറ്റില്‍ ബ്ലാസ്റ്റേഴ്‍സിന്‍റെ നെഞ്ച് ഒരിക്കല്‍ കൂടി ഗോവ തുളച്ചു. ഇത്തവണ മന്‍വീര്‍ സിങായിരുന്നു മഞ്ഞപ്പടയുടെ നടുവൊടിച്ചത്. 92 ആം  മിനിറ്റില്‍ സന്ദേശ് ജിങ്കന്‍ തൊടുത്ത നിലംപറ്റിയ ക്രോസില്‍ നിന്ന് ബ്ലാസ്റ്റേഴ്‍സിനായി സെര്‍ബിയന്‍ താരം നിക്കോള കിര്‍മാരേവിച്ചാണ് ആശ്വാസ ഗോള്‍ കണ്ടെത്തിയത്. പിഴവുകളില്ലാതെ ഗോവ കളിച്ചപ്പോള്‍ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ കളി കൈവിട്ട ബ്ലാസ്റ്റേഴ്സിന് സമനില തെറ്റി.

പോയിന്റ് നിലയില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. പോയിന്റ് നിലയില്‍ ഏറെ മുന്നിലുള്ള ഗോവയോടുള്ള മത്സരം കനത്ത പോരാട്ടം തന്നെയായിരുന്നു. നിലവില്‍ ആറ് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്. ഒരു തവണ തോല്‍വി സമ്മതിച്ച ബ്ലാസ്‌റ്റേഴ്‌സ് നാല് സമനിലയും നേടിയിട്ടുണ്ട്. ബംഗളുരുവിനോടാണ് നേരത്തെ ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി സമ്മതിച്ചത്. അതും സ്വന്തം തട്ടകത്തില്‍വെച്ചു തന്നെ.