‘കോണ്ടസ’ തിയേറ്ററുകളിലേക്ക്; നായകനാവുന്നതിന്റെ ആവേശത്തിൽ അപ്പാനി ശരത്..

November 16, 2018

നവാഗത സംവിധായകൻ സുദീപ് ഇ എസിന്റെ ചിത്രം ‘കോണ്ടസ’ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. അപ്പാനി ശരത് നായകനായെത്തുന്ന ചിത്രം ഈ മാസം 23 ന് തിയേറ്ററുകളിൽ എത്തും.

സിപ്പി ക്രിയേറ്റിവ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ, സുഭാഷ് സിപ്പി നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് റിയാസാണ്.  അപ്പാനി ശരത്തും, സിനിൽ സൈനുദ്ധീനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തി ന്റെതായി പുറത്തിറങ്ങിയ ഗാനങ്ങൾക്കും പോസറ്ററുകൾക്കും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് ചിത്രത്തിന്റെ ടീസർ പുറത്തുവന്നത്. ഇതിനും ആരാധകർക്കിടയിൽ തികഞ്ഞ സ്വീകാര്യതയായിരുന്നു.

‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ അപ്പാനി ശരത് ആദ്യമായി നായക വേഷത്തിൽ എത്തുന്ന ചിത്രമാണ് കോണ്ടസ. നിരവധി സിനിമകളിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായി നായക വേഷത്തിൽ എത്തുന്നതിന്റെ ആകാംക്ഷയിലാണ് താരമിപ്പോൾ..  ചിത്രം തിയേറ്ററുകൾ കീഴടക്കാൻ എത്തുമ്പോൾ  വാനോളം പ്രതീക്ഷയുമായാണ് ആരാധകർ കാത്തിരിക്കുന്നത്.