പതിനാറ് ലക്ഷം കാഴ്ചക്കാരുമായി ഞാന്‍ പ്രകാശന്റെ ടീസര്‍

November 29, 2018

മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ വിരിയുന്ന പുതിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇരുവര്‍ക്കുമൊപ്പം മലയാള സിനിമ ചരിത്രത്തില്‍ ഇടം നേടിയ ഫഹദ് കൂടി എത്തുന്നതോടെ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. യുട്യൂബില്‍ റിലീസ് ചെയ്ത ടീസര്‍ ഇതിനോടകംതന്നെ പതിനാറ് ലക്ഷത്തിലധികംപേര്‍ കണ്ടുകഴിഞ്ഞു.

17 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ ശ്രീനി കൂട്ടുകെട്ടില്‍ വിരിയുന്ന ചിത്രം, ഒരു പ്രണയ കഥ എന്ന ചിത്രത്തിന് ശേഷം ഫഹദും സത്യനും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. സത്യന്‍ ശ്രീനിവാസന്‍, ഫഹദ് തുടങ്ങിയ മലയാളത്തിലെ വിലപ്പെട്ട താരങ്ങള്‍ക്കൊപ്പം നായികയായി എത്തുന്നത് നിഖില വിമലാണ്.

Read more: പ്രകാശാ വിട്ടോടാ…, തരംഗമായി ‘ഞാന്‍ പ്രകാശന്റെ’ കാരക്ടര്‍ പോസ്റ്റര്‍

‘ലൗ 24 ഇന്റു സെവന്‍’ എന്ന സിനിമയിലൂടെ മലയാള സിനിമയിലരങ്ങേറ്റം കുറിച്ച നായിക ‘അരവിന്ദന്റെ അതിഥികള്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മലയാളികളുടെ ഇഷ്ട നായികയായി മാറിയ താരമാണ്. ഗസറ്റില്‍ പരസ്യം ചെയ്ത് പേര് മാറ്റിയ ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രത്തില്‍ പ്രകാശന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. പി ആര്‍ ആകാശ് എന്ന പേര് പ്രകാശ് എന്ന് മാറ്റുന്ന ചെറുപ്പകാരനിലൂടെയാണ് കഥ നീങ്ങുന്നത്. ചിത്രത്തിന് ആദ്യം ‘മലയാളി’ എന്ന് പേരിട്ടിരുന്നെങ്കിലും പിന്നീടത് മാറ്റുകയായിരുന്നു.

ജോമോന്റെ സുവിശേഷങ്ങള്‍ക്ക് ശേഷം ഫുള്‍ മൂണ്‍ സിനിമാസിന്റെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ചിത്രമാണിത്. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്ന ചിത്രത്തില്‍ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കെ പി എസ് സി ലളിത, സബിത ആനന്ദ്, മറിമായം മഞ്ജു എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എസ് കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ഷാന്‍ റഹ്മാനാണ്.