ഓടുന്ന പോത്തിനെ കുതിച്ചുപാഞ്ഞ് കീഴടക്കി ടൊവിനോ: വൈറല്‍ വീഡിയോ കാണാം

November 5, 2018

സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും താരമാവുകയാണ് മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ്. ‘ഒരു കുപ്രസിദ്ധ പയ്യന്‍’ എന്ന സിനിമയുടെ ചിത്രീകരണ വേളയിലെ ഒരു വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നത്. ടൊവിനോ തന്നെയാണ് ഈ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതും. ഓടുന്ന ഒരു പോത്തിനെ കുതിച്ചുപാഞ്ഞ്‌ചെന്ന് കീഴടക്കുന്ന ടൊവിനോയെ വീഡിയോയില്‍ കാണാം. ‘ദിതൊക്കെ യെന്ത്, പോത്ത് പാവം ആയോണ്ട് ഞാന്‍ ചത്തില്ല’ എന്ന കുറിപ്പും ഒപ്പം ചേര്‍ത്താണ് ടൊവിനോ വീഡിയോ പങ്കുവെച്ചത്. എന്തായാലും ടൊവിനോയുടെ ആക്ഷന്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

മധുപാലാണ് ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. നിറയെ സസ്‌പെന്‍സുകള്‍ ഒളിപ്പിച്ചാണ് ആദ്യത്തെ ട്രെയിലര്‍ പുറത്തുവിട്ടത്. ടൊവിനോടുടെ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് രണ്ടാമത്തെ ട്രെയിലര്‍. അതുകൊണ്ടുതന്നെ ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറായിരിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. അനു സിത്താരയാണ് ചിത്രത്തില്‍ പ്രധാന നായികാ കഥാപാത്ത്രെ അവതരിപ്പിക്കുന്നത്. വക്കീല്‍ കഥാപാത്രങ്ങളായി നെടുമുടി വേണുവും നിമിഷ സജയനും ചിത്രത്തിലെത്തുന്നുണ്ട്.

ജീവന്‍ ജോബ് തോമസാണ് ചിത്രത്തിനുവേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഔസേപ്പച്ചനാണ് ചിത്രത്തിനുവേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ശ്രീകുമാരന്‍ തമ്പിയുടേതാണ് വരികള്‍. ചിത്രം നവംബര്‍ 9 ന് തീയറ്ററുകളിലെത്തും.