കുപ്രസിദ്ധ പയ്യനിലെ രംഗങ്ങള്‍ ചിത്രീകരിച്ചത് ഇങ്ങനെ; മേയ്ക്കിങ് വീഡിയോ കാണാം

November 15, 2018

മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് കേന്ദ്രകാഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഒരു കുപ്രസിദ്ധ പയ്യന്‍’. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രീകരണവേളയുടെ മേയ്ക്കിങ് വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. ചിത്രത്തിലെ വിവിധ രംഗങ്ങളുടെ ചിത്രീകരണ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് മേയ്ക്കിങ് വീഡിയോ തയാറാക്കിയിരിക്കുന്നത്.

സിനിമയിലെ പ്രധാനപ്പെട്ട ഒരു ആക്ഷന്‍ രംഗത്തിന്റെ വീഡിയോയും കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു. കയറുകെട്ടി തലകീഴായി കിടക്കുന്ന ടൊവിനോയെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. ഈ ദൃശ്യങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

അഭിനയത്തിലെ വൈവിധ്യംകൊണ്ട് അജയന്‍ എന്ന കഥാപാത്രത്തെ ടൊവിനോ മികച്ചതാക്കി. വര്‍ത്തമാന കാലത്ത് ഏറെ പ്രസക്തമായ വിഷയമാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്. സാധാരണക്കാരനോട് നിയമവ്യവസ്ഥിതികളും പോലീസ് സംവിധാനങ്ങളും പുലര്‍ത്തുന്ന ചില നീതി നിഷേധങ്ങളെ പച്ചയായ് തുറന്നു കാണിക്കാന്‍ ശ്രമിക്കുന്നുണ്ട് സംവിധായകന്‍. മധുപാലാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അനു സിത്താരയാണ് നായികാ കഥാപാത്രമായി ചിത്രത്തിലെത്തുന്നത്.

അനാഥനായ അജയന്‍ ഒരു കൊലപാതക കേസില്‍ പ്രതിയാകുന്നു. പ്രതിയായതല്ല പോലീസ് മനപ്പൂര്‍വ്വം പ്രതിയാക്കിയതാണ്. ജയിലില്‍ അടയ്ക്കപ്പെട്ട അജയനുവേണ്ടി കോടതി വക്കീലിനെ ഏര്‍പ്പാടാക്കുന്നു. തുടര്‍ന്നു നടക്കുന്ന നിയമപോരാട്ടങ്ങളാണ് ഒരു കുപ്രസിദ്ധ പയ്യനെന്ന് ചുരുക്കത്തില്‍ പറയാം.

സിനിമയുടെ ആദ്യ പകുതിയല്‍ സ്വയം ഉള്‍വലിഞ്ഞ ഒരു കഥാപാത്രമായാണ് അജയന്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. ടൊവിനോയുടെ സിനിമാ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും അജയന്‍ എന്നതില്‍ സംശയിക്കേണ്ടതില്ല. വക്കീല്‍ കഥാപാത്രങ്ങളായി നെടുമുടി വേണുവും ചിത്രത്തിലെത്തുന്നുണ്ട്. ഹന്ന എന്ന കഥാപാത്രമായെത്തുന്ന നിമിഷാ സജയനും ചിത്രത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. സിനിമയിലെ ഓരോ കഥാപാത്രങ്ങളും അഭിനയത്തിന്റെ കാര്യത്തില്‍ നീതി പുലര്‍ത്തിയിട്ടുണ്ട്.

ജീവന്‍ ജോബ് തോമസാണ് ചിത്രത്തിനുവേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഔസേപ്പച്ചനാണ് ചിത്രത്തിനുവേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ശ്രീകുമാരന്‍ തമ്പിയുടേതാണ് വരികള്‍.