പവിയേട്ടന്റെ മധുരച്ചൂരല്‍ ഡിസംബറില്‍ തീയറ്ററുകളിലേക്ക്

November 28, 2018

മലയാളികളുടെ പ്രിയതാരം ശ്രീനിവാസന്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘പവിയേട്ടന്റെ മധുര ചൂരല്‍’. ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും. ചിത്രത്തിന്റെ റിലീസിങ് തീയതി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രം ഡിസംബര്‍ ആറിന് തീയറ്ററുകളിലെത്തും.

ചിത്രത്തില്‍ ശ്രീനിവാസന്റെ നായികയായി എത്തുന്നത് ലെനയാണ്.’അരവിന്ദന്റെ അതിഥികള്‍’ക്ക് ശേഷം ശ്രീനിവാസന്‍ നായകനായെത്തുന്ന ചിത്രമാണ് ‘പവിയേട്ടന്റെ മധുരചൂരല്‍’. ശ്രീകൃഷ്ണന്‍ ആണ് സംവിധാനം. വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, ലിഷോയ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സന്ദേശം, കഥപറയുമ്പോള്‍, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നി സിനിമകളോട് ചേര്‍ത്തുവയ്ക്കാവുന്ന ചിത്രമായിരിക്കും പവിയേട്ടന്റെ മധുര ചൂരലെന്നും സൂചനകളുണ്ട്. ഫാമിലി എന്റെര്‍ടെയ്‌നര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റുന്ന ചിത്രമാണിത്.

Read more: മധുരച്ചൂരലുമായി ശ്രീനിവാസന്‍; ‘പവിയേട്ടന്റെ മധുരച്ചൂരല്‍’ ട്രെയിലര്‍ കാണാം

ചിത്രത്തിന്റെ ട്രെയിലറിനു പുറമെ രണ്ട് ഗാനങ്ങളും നേരത്തെ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ഗാനങ്ങള്‍ക്ക് ലഭിക്കുന്നതും. ചിന്നി ചിന്നി പെയ്യും മഴയില്‍ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ ഒടുവില്‍ പുറത്തുവിട്ടത്. പ്രശാന്ത് കൃഷ്ണയുടേതാണ് വരികള്‍. സി രഘുനാഥ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. എംജി ശ്രീകുമാറും വൃന്ദ മോഹനും ചേര്‍ന്നാണ് ആലാപനം.

നേരത്തെ പുറത്തിറങ്ങിയ ‘അനുരാഗ നീല…’ എന്നു തുടങ്ങുന്ന ഗാനത്തിനും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രയാണ് ആലാപനം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സി രഘുനാഥാണ് സംഗീതം നല്‍കിയിരിക്കുന്നത്.

‘പവിയേട്ടന്റെ മധുരചൂരലി’ന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പി സുകുമാറാണ്. വി സി സുധന്‍, സി വിജയന്‍, സുധീര്‍ സി നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമാണ്. വിജയ് യേശുദാസും ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്.