“ധ്യാനിന്റെ അഭിമുഖങ്ങളെ പറ്റി സംസാരിച്ച് പൊട്ടിച്ചിരിക്കുന്ന ശ്രീനിയേട്ടൻ..”; ശ്രീനിവാസനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നടി സ്‌മിനു സിജോ

September 14, 2022

ഒരു തിരിച്ചു വരവിനൊരുങ്ങുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ശ്രീനിവാസൻ. ഏറെ കാലത്തിന് ശേഷം പൊതു പരിപാടികളിൽ പങ്കെടുത്തു തുടങ്ങിയ താരം ഇപ്പോൾ പുതിയ സിനിമയുടെ തിരക്കഥ രചനയിലേക്കും കടന്നുവെന്നാണ് അറിയാൻ കഴിയുന്നത്. തങ്ങളുടെ പ്രിയപ്പെട്ട നടനെയും കഥാകാരനെയും വീണ്ടും വെള്ളിത്തിരയിൽ കാണാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ.

ഇപ്പോൾ ശ്രീനിവാസനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് നടി സ്‌മിനു സിജോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാവുന്നത്. അദ്ദേഹം ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്നും ഇനി എഴുതാൻ പോകുന്ന തിരക്കഥയെ പറ്റി വളരെയധികം സംസാരിച്ചുവെന്നുമാണ് താരം പറയുന്നത്.

“ഈ സന്തോഷം എന്നും മായാതിരിക്കട്ടെ ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാർത്ഥിച്ച എല്ലാവർക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നത് ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾ ഒഴിച്ചാൽ ശ്രീനിയേട്ടൻ ഇന്ന് പൂർണ്ണ ആരോഗ്യവാനാണ്,

ഇന്ന് ഞാൻ ശ്രീനിയേട്ടൻ്റെ വീട്ടിൽ പോയി സന്തോഷത്തോടെ എന്നെ കെട്ടിപിടിച്ച് സ്വീകരിച്ച വിമലാൻ്റിയും, കണ്ട ഉടന്നെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശ്രീനിയേട്ടനും, ധ്യാനിന്‍റെ ഇൻറ്റർവ്യൂ തമാശകൾ പറയുമ്പോൾ മതി മറന്നു ചിരിക്കുന്ന സ്നേഹനിധികളായ മാതാപിക്കളുടെ സന്തോഷവും, ധ്യാൻ ഇൻറ്റർവ്യൂവിൽ പറയാൻ മറന്നതൊ അതൊ അടുത്ത ഇൻറ്റർവ്യുവിൽ പറയാൻ മാറ്റിവച്ചതൊ അറിയില്ല എന്തായാലും പഴയ നർമ്മത്തിന് ഒട്ടും മങ്ങൽ ഏൽപിക്കാതെ ധ്യാൻമോൻ്റെ ചെറുപ്പകാലത്തെ തമാശകളും ഇടയ്ക്ക് മാത്രം കാണിക്കുന്ന പക്വതകളും അഭിമാനത്തോടെ പറഞ്ഞു ചിരിക്കുന്ന ശ്രീനിയേട്ടനെയും, ശ്രീനിയേട്ടൻ്റെയും മക്കളുടെയും നിഴലായി മാത്രം ജീവിക്കുന്ന വിമലാൻ്റിയുടെയും കൂടെ ചിലവഴിക്കാൻ പറ്റിയ നിമിഷങ്ങൾ എൻ്റെ ഏറ്റവും വല്യ അഭിമാന നിമിഷങ്ങളാണ്, പൂർണ്ണ ആരോഗ്യവാനായി എഴുതാൻ പോവുന്ന അടുത്ത മനസ്സിലുള്ള തിരക്കഥയെ പറ്റി വാതോരാതെ സംസാരിച്ച ശ്രീനിയേട്ടൻ. ആ കണ്ണുകളിലെ തിളക്കം ആത്മവിശ്വാസം അതു മാത്രം മതി നമ്മൾ മലയാളികൾക്ക് നമ്മുടെ പ്രിയപ്പെട്ട ശ്രീനിയേട്ടൻ്റെ തിരിച്ചു വരവിന്.” ശ്രീനിവാസനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് സ്‌മിനു കുറിച്ചു.

Read More: “ഒറ്റ വാക്കിൽ അതിഗംഭീരം..”; പത്തൊമ്പതാം നൂറ്റാണ്ടിന് പ്രശംസയുമായി ഗിന്നസ് പക്രു, മറുപടി നൽകി സംവിധായകൻ വിനയൻ

Story Highlights: Sminu sijo shares pictures with sreenivasan