കേരളപ്പിറവി ദിനത്തിലെ സർപ്രൈസ് സിനിമ പ്രഖ്യാപനവുമായി പിഷാരടി; പുതിയ ചിത്രം മമ്മൂട്ടിക്കൊപ്പം

November 1, 2018

ഹാസ്യ കഥാപാത്രമായി മലയാള സിനിമയിൽ അരങ്ങേറിയ രമേഷ് പിഷാരടി അടുത്തിടെ സംവിധാനം ചെയ്ത ചിത്രമാണ് പഞ്ചവർണ്ണ തത്ത. ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. എന്നാൽ കേരളപിറവി ദിനത്തിൽ പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റുമായി എത്തുകയാണ് രമേഷ് പിഷാരടി.

‘ഗാനഗന്ധർവൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന കുടുംബ ചിത്രമാണ്. മമ്മൂട്ടിയെ നായകനാക്കി ചിത്രീകരിക്കുന്ന സിനിമയുടെ കൂടുതൽ വിശേഷങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുമെന്ന് കരുതുന്ന സിനിമയുടെ കൂടുതൽ വിശേഷങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും രമേശ് പിഷാരടി അറിയിച്ചു.

അതേസമയം മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം ഉണ്ടയുടെ തിരക്കിലാണ് താരമിപ്പോൾ. ചിത്രത്തിൽ പോലീസുകാരനായാണ് മമ്മൂട്ടി വേഷമിടുന്നത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം മുളയൂരിലെ കാട്ടിൽ നടന്നുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടിക്കൊപ്പം നിരവധി ബോളിവുഡ് താരങ്ങളും ഉണ്ടയിൽ  വേഷമിടുന്നുണ്ട്. ഓംകാര്‍ ദാസ് മണിക്പുരി,  ഭഗ്വാന്‍ തിവാരി, ചീന്‍ ഹോ ലിയാവോ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യാൻ ബോളിവുഡിൽ നിന്നും എത്തുന്ന താരങ്ങൾ.

ചിത്രത്തിൽ  ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത് ശ്യാം കൗശാലാണ്. ‘ദംഗൽ’,  ‘ബാജിറാവു മസ്താനി’, ‘പദ്മാവത്’, ‘സഞ്ജു’, ‘ധൂം 3’ , ‘ഗുണ്ടേ’, ‘കൃഷ് 3’ , ‘രാവണ്‍’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡിൽ തന്റേതായ ഇടം കരസ്ഥമാക്കിയ താരമാണ് ശ്യാം കൗശൽ. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ദിലീഷ് പോത്തന്‍ , ലുക്ക്മാന്‍, സുധി കോപ്പ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂവി മില്‍ ന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ജിഗര്‍തണ്ട ഫെയിം ഗേമിക്കാണ്.