‘എന്റെ വേദനകളിൽ ശക്തി കേന്ദ്രമായി നിന്നതിന് നന്ദി’; ഹൃദയസ്പർശിയായ കുറിപ്പുമായി സൊനാലി

November 14, 2018

ക്യാൻസർ എന്ന രോഗത്തെ മനോധൈര്യം കൊണ്ട് തോൽപ്പിച്ച ബോളിവുഡ് താരം സൊനാലി ബിന്ദ്രെ, തന്റെ വേദനകളിൽ എപ്പോഴും കൂടെ ഉണ്ടായിരുന്ന ഭർത്താവിനെക്കുറിച്ച് തങ്ങളുടെ പതിനാറാം വിവാഹ വാർഷികത്തിൽ എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ഒപ്പം വിവാഹ ചിത്രങ്ങളും സൊനാലി പങ്കുവച്ചിട്ടുണ്ട്.

“ഭര്‍ത്താവ്.. ജീവിത പങ്കാളി.. പ്രിയപ്പെട്ട സുഹൃത്ത്..എന്റെ ശക്തി എന്നാണ് ഭർത്താവ് ഗോള്‍ഡിയെ സൊനാലി വിശേഷിപ്പിച്ചിരിക്കുന്നത്. പരസ്പരം ചേര്‍ന്നു നില്‍ക്കുന്നതിനെയാണ് വിവാഹം എന്നു പറയുന്നത്. സന്തോഷത്തിലും ദുഃഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും അത് ഞങ്ങള്‍ തിരിച്ചറിയുകയായിരുന്നു. ക്യാന്‍സറിനോട് ഒറ്റക്കല്ല, ആ പോരാട്ടത്തില്‍ കുടുംബവും ആ വ്യക്തിക്കൊപ്പമുണ്ടാകണമെന്ന് ആളുകള്‍ എന്താണ് മനസിലാക്കാത്തത്.ഗോൾഡി  നിങ്ങള്‍ തന്ന സ്നേഹത്തിനും സന്തോഷത്തിനും അതിലുപരി എന്റെ ശക്തിയുടെ ഉറവിടമായതിനും ഞാന്‍ നിങ്ങളോട് നന്ദി പറയുന്നു…”സൊനാലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.


അഭിനയ മികവുകൊണ്ട് ആരാധക മനസിൽ കയറിക്കൂടിയ താരം സൊനാലി ബിന്ദ്രയുടെ രോഗത്തെക്കുറിച്ചുള്ള വാർത്ത ഏറെ ഞെട്ടലോടെയാണ് ആരാധകർ അറിഞ്ഞത്. തന്റെ രോഗത്തെക്കുറിച്ചുള്ള വാർത്ത താരം തന്നെയാണ് ലോകത്തോട് വിളിച്ച് പറഞ്ഞത്. ക്യാൻസർ രോഗ ബാധിതയായ ബോളിവുഡ് താരം സൊനാലി ബിന്ദ്രെ ഇപ്പോൾ ചികിത്സയുമായി ബന്ധപ്പെട്ട് ന്യൂ യോർക്കിലാണ്. ഏറെ ഞെട്ടലോടെയാണ് ഈ വിവരം ആരാധകർ കേട്ടത്.അസുഖത്തോട് ശക്തമായിത്തന്നെ പോരാടിക്കൊണ്ടിരിക്കുകയാണ് സൊനാലി.