നർമ്മ സംഭാഷണങ്ങളുമായി രോഹിതും ഷാരൂഖും; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

November 14, 2018

ഇന്ത്യ മുഴുവൻ ആരാധകരുള്ള താരങ്ങളാണ് ബോളിവുഡ് താരം ഷാരൂഖ് ഖാനും ക്രിക്കറ്റ് ഇതിഹാസതാരം രോഹിത് ശർമ്മയും… ഇരുവരുടെയും നർമ്മം കലർന്ന സൗഹൃദ സംഭാഷണങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഷാരുഖ് ഖാന്റെ കരിയറിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ‘ബാസിഗർ’ ഇന്നലെ 25 വർഷം പൂർത്തിയാക്കിയിരുന്നു. താരം തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചതും. ഈ ട്വീറ്റിന് മറുപടിയുമായി രംഗത്തെത്തിയ താരങ്ങൾ തമ്മിലുള്ള നർമ്മ സംഭാഷണങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഷാരൂഖിന്റെ ബാസിഗർ തന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങൾ ഒന്നാണെന്ന് രോഹിത് കമന്റിട്ടതോടെ വരാനിരിക്കുന്ന ഐ പി എൽ  സീസണിൽ ബാസിഗർ സിനിമയിലെ ‘കാലി  കാലി  ആങ്കൺ’ എന്ന ഹിറ്റ് ഗാനം ലൈവായി രോഹിത്തിന് വേണ്ടി താൻ പെർഫോം ചെയ്യാമെന്ന് ഖാൻ പറഞ്ഞു. ഇതിൽ സന്തോഷവാനായ രോഹിത് പക്ഷെ ഒരു അപേക്ഷയുമായാണ് വീണ്ടും രംഗത്തെത്തിയത്.


ഈ സൂപ്പർഹിറ്റ് ഗാനം തനിക്ക് വേണ്ടി പെർഫോം ചെയ്യുമ്പോൾ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡൻസിൽ പെർഫോം ചെയ്യണമെന്നും അതിലൂടെ തന്നെ ഓർമ്മകളുടെ കൂട്ടത്തിലേക്ക് ഒരു പൊൻതൂവൽ കൂടിയാകുമെന്നും താരം ട്വീറ്റ് ചെയ്തു. 2014 ൽ നടന്ന  ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ ഏകദിനത്തിലെ തന്റെ ഏറ്റവും ഉയർന്ന സ്കോർ രോഹിത് കരസ്ഥമാക്കിയത് ഈ ഗ്രൗണ്ടിൽ വച്ചാണ്. 264 റൺസാണ് താരം ഇവിടെ വച്ച് നേടിയത്.