തൈമൂറിന്റെ രൂപസാദൃശ്യത്തില്‍ പാവ; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

November 21, 2018

ജനിച്ചതുമുതല്‍ക്കെ സാമൂഹ്യമാധ്യമങ്ങളില്‍ താരമായതാണ് സെയ്ഫ് അലി ഖാന്‍ കരീന ദമ്പതികളുടെ മകന്‍ തൈമൂര്‍. വാര്‍ത്തകളില്‍ പലപ്പോഴും ഇടംപിടിക്കാറുണ്ട് കുഞ്ഞുതൈമൂര്‍. ഈ കുട്ടിത്താരം വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്. തൈമൂറിന്റെ രൂപസാദൃശ്യത്തിലുള്ള പാവയെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തൈമൂര്‍ പാവയെന്ന് പേരിട്ടിരിക്കുന്ന ഈ പാവയ്ക്ക് കുഞ്ഞുതൈമൂറുമായി നല്ല രൂപസാദൃശ്യമുണ്ട്. നിരവധി പേരാണ് തൈമൂര്‍ പാവയുടെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത്.

നിര്‍മ്മാതാവായ അശ്വിനി യാര്‍ദ്ദിയാണ് തൈമൂര്‍ പാവയുടെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. കേരളത്തിലെ ഒരു ടോയ് ഷോപ്പില്‍ നിന്നു ലഭിച്ച തൈമൂര്‍ പാവ എന്ന കുറിപ്പും ഫോട്ടോയ്‌ക്കൊപ്പം ചേര്‍ത്തിരുന്നു. തുടര്‍ന്ന് ബോളിവുഡ് ആരാധകരടക്കം ചിത്രം ഏറ്റെടുത്തു.

മുമ്പും പലതവണ തൈമൂര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധാ കേന്ദ്രമായിട്ടുണ്ട്. അടുത്തിടെ ആയയോടൊപ്പം കാറില്‍ വന്നിറങ്ങിയ തൈമൂറിന്റെ ഫോട്ടോ എടുക്കാന്‍ ചിലരെത്തി. തൈമൂറിന്റെ ശ്രദ്ധ പിടിച്ചെടുക്കുന്നതിനായി ചിലര്‍ ‘തൈമൂര്‍…, തൈമൂര്‍’ എന്ന് വിളിച്ചു. ഉടനെ എത്തി തൈമൂറിന്റെ മറുപടി. ‘തൈമൂര്‍ അല്ല, ഇത് ടിം’ ആണെന്നായിരുന്നു കുട്ടിത്താരത്തിന്റെ മറുപടി.

ടിം എന്നാണ് തൈമൂറിന്റെ ഓമനപ്പേര്. പേരുവിളിച്ചപ്പോള്‍ എല്ലാവരെയും നോക്കി കൈവീശി കാണിക്കുകയും ‘ബൈ’ എന്നു പറയുകയും ചെയ്തു തൈമൂര്‍. നിഷ്‌കളങ്കതയോടെയുള്ള തൈമൂറിന്റെ പെരുമാറ്റശൈലിയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.