വിജയ് ദേവരക്കൊണ്ടയുടെ ‘ടാക്‌സിവാല’ അടുത്ത മാസം തീയറ്ററുകളില്‍

November 6, 2018

കുറഞ്ഞ കാലയളവു കൊണ്ട് ഏറെ ആരാധകരെ നേടിയ താരമാണ് വിജയ് ദേവരക്കൊണ്ട. ‘അര്‍ജ്ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരക്കൊണ്ട പ്രേക്ഷക ഹൃദയം കീഴടക്കിയത്. തെലുങ്കില്‍ മാത്രമല്ല മലയാളത്തില്‍ പോലും വിജയ് ദേവരക്കൊണ്ടയ്ക്ക് ആരാധകര്‍ ഏറെയാണ്.

വിജയ് ദേവരക്കൊണ്ട കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ‘ടാക്‌സി വാല’. ചിത്രത്തിന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. ടാക്‌സിവാല ഡിസംബര്‍ 17 ന് തീയറ്ററുകളിലെത്തും. ഡിസംബര്‍ 16 ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരുദിവസം വൈകിയാണ് ചിത്രം തീയറ്ററുകളിലെത്തുക. രാഹുല്‍ സന്‍കൃത്യനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഒരു ഗാനവും പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനോടകം തന്നെ നിരവധി ആളുകളാണ് കണ്ടത്. റിലീസിങിനോടനുബന്ധിച്ചുള്ള ചിത്രത്തിന്റെ പ്രെമോ വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

‘മാറ്റേ വിനതുഗ…’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിദ്ധ് ശ്രീരാമാണ്. കൃഷ്ണകാന്തിന്റേതാണ് ഗാനത്തിലെ വരികള്‍. ജേക്ക്‌സ് ബിജോയാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

‘ടാക്‌സിവാല’ എന്ന ചിത്രത്തിന്റെ ടീസര്‍ നേരത്ത പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ ടീസറിനും മികച്ച പ്രേക്ഷക പ്രതികരണം ലഭിയ്ക്കുന്നുണ്ട്. പ്രിയങ്ക ജവാല്‍ക്കറും മാളവിക നായരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളയെത്തുന്നുണ്ട്.