ഗിന്നസിലേറാന്‍ കോമഡി ഉത്സവം; ചരിത്ര മുഹൂര്‍ത്തം നാളെ

December 22, 2018

ഫ്ളവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടി കോമഡി ഉത്സവം ഗിന്നസില്‍ കയറാന്‍ ഒരുങ്ങുന്നു. രണ്ടായിരത്തോളം കലാകാരന്മാരെ പങ്കെടുപ്പിച്ച് 12 മണിക്കൂര്‍ നീണ്ട തത്സമയ കാഴ്ച ഒരുക്കിയാണ് കോമഡി ഉത്സവം ഗിന്നസ് ബുക്കിലേക്ക് കയറാന്‍ ഒരുങ്ങുന്നത്.

ഡിസംബര്‍ 23രാവിലെ പത്ത് മണി മുതല്‍ പ്രേക്ഷകര്‍ക്ക് ഫ്ളവേഴ്സില്‍ പരിപാടി ലൈവായി കാണുകയും ലോക ടെലിവിഷന്‍ രംഗത്ത് ആദ്യമായി ഒരു ചാനല്‍ ഇത്തരത്തിലൊരു ചരിത്ര നേട്ടം കൈവരിക്കുന്ന ശ്രമത്തിന് പങ്കാളിയാകുകയും ചെയ്യാം. ആറ് കാറ്റഗറിയിലായാണ് പരിപാടികള്‍ അരങ്ങേറുന്നത്. കോമഡി ഉത്സവത്തില്‍ മുമ്പ് വന്ന് കഴിവ് തെളിയിച്ചവരും പുതുമുഖങ്ങളും ആ സ്പെഷ്യല്‍ ഗിന്നസ് ഷോയില്‍ പങ്കാളികളാവും. ഇതിനായി രണ്ടായിരത്തോളം കലാകാരന്മാരെ പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ തെരഞ്ഞെടുത്തിട്ടുണ്ട്.

ഗിന്നസ് ലോകത്ത് തന്നെ ഇതാദ്യം

ഇതാദ്യമായാണ് ഇത്തരത്തിലൊരു ഐറ്റം ഗിന്നസ് താളുകളില്‍ കയറാന്‍ ഒരുങ്ങുന്നത് തന്നെ. ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന തത്സമയ ടെലിവിഷന്‍ പരിപാടി എന്ന ഗണത്തിലാണ് കോമഡി ഉത്സവം ഗിന്നസ് റെക്കോര്‍ഡിനായി എതിരാളികളില്ലാതെ മത്സരിക്കാന്‍ പോകുന്നത്.

കോമഡി ഉത്സവം 2016നവംബര്‍ 20നാണ് ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ആരംഭിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയ ഈ പരിപാടി 330 എപിസോഡുകള്‍ പിന്നിട്ട് കഴിഞ്ഞിട്ടും ഇപ്പോഴും  പ്രേക്ഷകരുടെ പ്രിയ പരിപാടിയാണ്. നാലായിരത്തോളം കലാകാരന്മാരെ ഇതിനോടകം ഈ പരിപാടിയിലൂടെ മലയാളികള്‍ പരിചയപ്പെട്ടു. ലൈം ലൈറ്റിന് പുറകില്‍ നിന്ന നിരവധി കലാകാരന്മാരെ കോമഡി ഉത്സവം കലയുടെ പുതു ജീവിതത്തിലേക്ക് നയിച്ചു.

ഉത്സവയാത്ര

കേരളത്തിലും, കേരളത്തിന് പുറത്തും, ഇന്ത്യയ്ക്ക് പുറത്തും ഉത്സവയാത്ര എന്ന പേരില്‍ ഓഡീഷനുകള്‍ നടത്തിയാണ് കോമഡി ഉത്സവത്തിലേക്ക് കലാകാരന്മാരെ തെരഞ്ഞെടുത്തത്. ഇരുപതിനായിരത്തോളം പേര്‍ ലോകത്ത് പല സെന്ററുകളിലായി നടന്ന ഓഡീഷനില്‍ പങ്കെടുത്തു. ഇതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരും കോമഡി ഉത്സവത്തില്‍ പങ്കെടുത്തവരും ഗിന്നസ് ഷോയില്‍ മാറ്റുരയ്ക്കാനെത്തും.നൃത്തം, സംഗീതം, മാര്‍ഷല്‍ ആര്‍ട്സ്, മിമിക്രി, സംഗീത ഉപകരണം, അഭിനയം എന്നീ ആറ് ഗണങ്ങളിലായാണ് മത്സരം നടക്കുന്നത്.

ഗിന്നസ് റെക്കോര്‍ഡിലേക്ക്

മൂന്നൂറാമത്ത എപിസോഡ് എങ്ങനെ ആഘോഷിക്കാം എന്ന ആലോചനയാണ് ഇത്തരമൊരു പരീക്ഷണത്തിലേക്ക് നയിച്ചതെന്ന് ഷോ ഡയറക്ടര്‍ മിഥിലാജ് പറയുന്നു. ഒരു  ദിവസം മുഴുവന്‍ കോമഡി ഉത്സവം എന്നതായിരുന്നു ആദ്യത്തെ ചിന്ത. അന്ന് അത് ഗിന്നസ് എന്ന ലക്ഷ്യത്തിലേക്ക് എത്തിയിരുന്നില്ല. രാവിലെ പത്ത് മുതല്‍ വൈകിട്ട് പത്ത് വരെ പരിപാടി ഷൂട്ട് ചെയ്ത് അത് തത്സമയം പ്രേക്ഷകരിലേക്ക് എത്തിക്കാമെന്ന ചിന്തയിലേക്ക് ഐഡിയ വളര്‍ന്നപ്പോഴേക്കും ഗിന്നസ് റെക്കോര്‍ഡ് എന്ന ആശയം കൂടി എത്തി.
പിന്നീട് അതെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്ത ലൈവ് കോമ്പറ്റീഷന്‍ ഷോ എന്നൊരു റെക്കോര്‍ഡ് ആരും കുറിച്ചില്ലെന്ന് കൂടിയറിഞ്ഞപ്പോള്‍ ആ ആഗ്രഹത്തില് ഒരു ലക്ഷ്യം വന്നു. പിന്നീട് ഗിന്നസ് അധികൃതരുമായി സംസാരിച്ചു. അവര്‍ക്ക് ഈ പരിപാടിയെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. അവര്‍ പരിപാടിയുടെ എപിസോഡുകള്‍ കണ്ടാണ് അനുമതി ലഭിച്ചത്- മിഥിിലാജ് പറയുന്നു.

കേരളത്തില്‍ ഇപ്പോഴുള്ളതും അന്യം നിന്ന് പോയതുമായ ഇരുന്നൂറോളം കലകളും അന്ന് വേദിയിലേറും, കലയേയും കലാകാരന്മാരേയും സമന്വയിപ്പിച്ച വിസ്മയ കാഴ്ച യാഥാര്‍ത്ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍.