സുബൈദയായി മഞ്ജു എത്തി; മരയ്ക്കാറിലെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ..

January 25, 2019

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന മോഹൻലാൽ ചിത്രത്തിലെ മഞ്ജു വാര്യരുടെ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മഞ്ജു  തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ പോസ്റ്റർ പങ്കുവെച്ചത്. ചിത്രത്തിൽ സുബൈദ എന്ന കഥാപാത്രമായാണ് മഞ്ജു എത്തുന്നത്. മലയാളികൾക്ക് ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച മോഹനലാൽ മഞ്ജു വാരിയർ കൂട്ടുകെട്ടിൽ മോഹൻലാലിന്റെ ചെറുപ്പം അവതരിപ്പിക്കാൻ പ്രണവ് മോഹൻലാൽ കൂടി എത്തുന്നത് പ്രേക്ഷകരിൽ ആകാംഷ കൂടുതൽ വർധിപ്പിച്ചിരിക്കുകയാണ്.

ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയായിരിക്കും ഇത്. ചിത്രം പൂർത്തിയാവുന്നതോടെ തന്റെ വളരെ നാളായുള്ള സ്വപ്നമാണ്സഫലമാവുന്നതെന്നും, ചിത്രത്തെക്കുറിച്ച് വളരെ മുൻപുതന്നെ തിരക്കഥാകൃത്ത് ടി ദാമോദരനുമായി സംസാരിച്ചിരുന്നതായും അദ്ദേഹത്തിന്റെ ആശയങ്ങൾ ചിത്രത്തിൽ ചേർത്തിട്ടുണ്ടെന്നും സംവിധായകൻ അറിയിച്ചു. ഐ വി ശശിയുടെ മകൻ അനിയും പ്രിയദർശനും ചേർന്നാണ് തിരക്കഥ പൂർത്തിയാക്കിയത്.


കുഞ്ഞാലി മരയ്ക്കാരെ കേന്ദ്ര കഥാപത്രമാക്കി മുൻപും സിനിമകൾ വന്നിട്ടുണ്ട്. അതേസമയം ചരിത്രവും ഫിക്ഷനും ചേർത്ത് തയാറാക്കുന്ന ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിൽ കുഞ്ഞാലി നാലാമന്റെ കഥയാണ് പറയുന്നത്. ചിത്രത്തിൽ കുഞ്ഞാലി നാലാമനായാണ് മോഹൻലാൽ എത്തുന്നത്. ഹിന്ദി, തെലുങ്ക്, ബ്രിട്ടിഷ് താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിനിമയുടെ കൂടുതൽ ഭാഗവും കടലിലായിരിക്കും ചിത്രീകരിക്കുക.