‘എല്ലാ സിനിമയും കാശിന് വേണ്ടി മാത്രം ചെയ്യാന്‍ പറ്റില്ലല്ലോ’, പേരന്‍പിലെ അഭിനയത്തിന് പ്രതിഫലം വാങ്ങാതെ മമ്മൂട്ടി: വീഡിയോ

January 28, 2019

തമിഴ്‌നാട്ടിലെയും മലയാളത്തിലെയും പ്രേക്ഷകര്‍ ഒരുപോലെ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘പേരന്‍പ്’.   എന്നാല്‍ ചിത്രത്തെ സംബന്ധിച്ച മമ്മൂട്ടിയുടെ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടുന്നത്. ഒരു തമിഴ് ചാനലിലെ ടോക്ക് ഷോ ആയിരുന്നു വേദി. പേരന്‍പിലെ അഭിനയത്തിന് മമ്മൂട്ടി ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് പി.എല്‍ തേനപ്പന്‍ പറഞ്ഞു. നിര്‍മ്മാതാവിന്റെ വാക്കുകളില്‍ അത്ഭുതം തോന്നിയ അവതാരക ഇതിനുപിന്നിലെ കാരണമെന്തെന്ന് മമ്മൂട്ടിയോട് ചോദിച്ചു. ഈ ചോദ്യത്തിന് മമ്മൂട്ടി നല്‍കിയ മറുപടിക്കാണ് ആരാധകര്‍ ഒന്നടങ്കം കൈയടിക്കുന്നത്. ‘എല്ലാ സിനിമയും കാശിന് വേണ്ടി മാത്രം ചെയ്യാന്‍ പറ്റില്ലല്ലോ’ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

രാജ്യാന്തര ചലച്ചിത്രമേളകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് പേരന്‍പ്. 49ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഡെലിഗേറ്റുകളുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ മാനിച്ച് ‘പേരന്‍പ്’ രണ്ട് തവണ പ്രദര്‍ശിപ്പിച്ചിരുന്നു. റാം ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ അമുധന്‍ എന്ന കഥാപാത്രത്തിന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

റാം സംവിധാനം ചെയ്ത തങ്കമീന്‍കള്‍, കട്രത് തമിഴ്, തരമണി എന്നി ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട്തന്നെ പേരന്‍പിനെയും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. സ്പാസ്റ്റിക് പരാലിസിസ് എന്ന ശാരീരികാവസ്ഥയിലുള്ള പെണ്‍കുട്ടിയുടെ അച്ഛനാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന അമുദന്‍ എന്ന കഥാപാത്രം. ബാലതാരമായ സാധനയാണ് മമ്മൂട്ടിയുടെ മകളായി ചിത്രത്തിലെത്തുന്നത്.

ദേശീയ അവാര്‍ഡ് ജേതാവായ റാമിന്റെ നാലാമത്തെ ചിത്രമാണ് പേരന്‍പ്. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും മമ്മുട്ടിയുടെ കൂടെ തന്നെ പ്രധാന വേഷങ്ങളില്‍ പേരന്‍പില്‍ അഭിനയിക്കുന്നുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം.