‘ആ കാരുണ്യനായകൻ ഇനി സിനിമ നായകൻ’; ആംബുലൻസിന് വഴിയൊരുക്കിയ പോലീസുകാരൻ സിനിമയിലേക്ക്

January 2, 2019

കോട്ടയം ടൗണിൽ ഗതാഗതക്കുരുക്കിൽ അകപ്പെട്ട ആംബുലൻസിന് വഴിയൊരുക്കിയ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആംബുലൻസിന് കൃത്യമായി വഴിയൊരുക്കിയ പൊലീസ് സിവിൽ ഓഫീസർ രഞ്ജിത്ത് കുമാറും സോഷ്യൽ മീഡിയിൽ തരംഗമായിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തെത്തേടി സിനിമയിൽ നിന്ന് അവസരം എത്തിയിരിക്കുകയാണ്.

വൈറൽ 2019 എന്ന മലയാള ചിത്രത്തിലാണ് രഞ്ജിത്ത് കുമാർ വേഷമിടുക. ആംബുലൻസിന്റെ മുന്നിൽ വഴി കാണിച്ച് ഓടുന്ന രഞ്ജിത്ത് കുമാറിന്റെ വീഡിയോ നിമിഷങ്ങൾക്കുള്ളിൽ തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു

ആടുപുലിയാട്ടം, തോപ്പിൽ ജോപ്പൻ, കുട്ടനാടൻ മാർപ്പാപ്പ തുടങ്ങിയ ഹിറ്റ് സിനിമകളുടെ നിർമാതാവായ നൗഷാദ് ആലത്തൂർ നിർമ്മിക്കുന്ന ചിത്രമാണ് വൈറൽ 2019. സമൂഹ മാധ്യമങ്ങളിൽ വൈറലായ വ്യക്തികളെയും സംഭവങ്ങളെയും കേന്ദ്രീകരിച്ച് ചിത്രീകരിക്കുന്ന ചിത്രം അനൗൺസ്‌ ചെയ്തതുമുതൽതന്നെ നിരവധി പ്രത്യേകതകൾകൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.

എട്ട് നവാഗത സംവിധായകർ ചേർന്നു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംവിധായകരെയും തിരക്കഥാകൃത്തിനെയും തിരഞ്ഞെടുത്തതും സമൂഹമാധ്യമത്തിലെ ജനകീയ വോട്ടെടുപ്പിലൂടെയാണ്.