‘സേവ് ആലപ്പാട്’; പിന്തുണയുമായി യുവതാരങ്ങളും..

January 8, 2019

കരുനാഗപ്പള്ളിയിലെ ആലപ്പാട്ട് തീരത്ത് നടക്കുന്ന കരിമണല്‍ ഖനനത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്…’സേവ് ആലപ്പാട്’ എന്ന ഹാഷ്‌ടാഗോടുകൂടി  സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ ഫലപ്രദമായ ക്യാംപയിന്‍ ഇപ്പോള്‍ മലയാളത്തിലെ യുവ താരങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. മലയാളത്തിലെ യുവ താരങ്ങളായ പൃഥിരാജ്, ടോവിനോ, സണ്ണി വെയ്ന്‍ എന്നിവരാണ് ക്യാംപയിന് ചുക്കാൻ  പിടിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനില്കുന്നത്.

ടോവിനോയ്ക്ക് പിന്നാലെ തന്നെ നടന്‍ സണ്ണി വെയ്‌നും  പൃഥ്വിരാജും പിന്തുണയറിയിച്ച് ഫേസ്ബുക്കിലൂടെ രംഗത്തെത്തി. ആലപ്പാടിനെ സംരക്ഷിക്കാന്‍ വീഡിയോയിലൂടെയാണ് സണ്ണി പിന്തുണ അറിയിച്ചത്. കേരളം നേരിട്ട മഹാപ്രളയത്തിൽ നിന്നും കേരളത്തെ രക്ഷിക്കാൻ എത്തിയവരാണ് മത്സ്യത്തൊഴിലാളികൾ. മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന ആലപ്പാടിനെ എന്ത് വിലകൊടുത്തും സംരക്ഷിക്കണമെന്ന് പറഞ്ഞാണ് സണ്ണി രംഗത്തെത്തിയത്.

അതേസമയം സമൂഹ മാധ്യമങ്ങളിലെ ഇത്തരം പിന്തുണകൾ എത്രകണ്ട് വിജയിക്കുമെന്ന് അറിയില്ല എങ്കിലും ആലപ്പാടിനെ സംരക്ഷിക്കാൻ ആവശ്യമായ നടപടിയെടുക്കും വരെ നമുക്ക് ഇങ്ങനെ ശബ്ദിച്ചു കൊണ്ടിരിക്കാമെന്നും പൃഥിരാജ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു