മികച്ച നഴ്‌സ് പുരസ്‌കാരം ഇനി ലിനിയുടെ പേരിൽ..

January 25, 2019

സർക്കാരിന്‍റെ മികച്ച നഴ്സിനുള്ള അവാർഡ് ഇനി മുതൽ “സിസ്റ്റർ ലിനി പുതുശ്ശേരി അവാർഡ് ” എന്ന് അറിയപ്പെടും. ആതുര സേവനത്തിനിടെ നിപ വൈറസ് ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ പേരിലായിരിക്കും ഇനി മികച്ച നഴ്‌സ് പുരസ്‌കാരം. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ മുൻ ജീവനക്കാരിയായിരുന്നു ലിനി.

നിപ വൈറസ് ഭീതിയുടെ കാലത്ത് കേരളക്കരയെ മുഴുവൻ കണ്ണീരിലാഴ്ത്തിയാണ് ഭർത്താവിനെയും രണ്ട് പിഞ്ചോമനകളെയും തനിച്ചാക്കി ലിനി മരണമടഞ്ഞത്. നിപ ബാധിതനായ രോഗിയെ ആശുപത്രിയിൽ ശുശ്രൂഷിക്കുന്നതിനിടയിലാണ് ലിനിക്ക് വൈറസ് ബാധയേറ്റത്. അസുഖം രൂക്ഷമായ ലിനിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിദേശത്തായിരുന്ന ലിനിയുടെ ഭർത്താവിന് ജോലി നൽകാനും കുട്ടികളുടെ പേരിൽ 20  ലക്ഷം രൂപ നഷ്ട പരിഹാരമായി നല്കാനും സർക്കാർ തീരുമാനം എടുത്തിരുന്നു. സിസ്റ്റർ ലിനിയ്ക്ക് ലോകാരോഗ്യ സംഘടനയും ദി എക്കണോമിസ്റ്റ് മാസികയും ആദരം അർപ്പിച്ചിരുന്നു. അതിന് പിന്നാലെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ സ്ഥാപിക്കുന്ന വനിതാ വാർഡിന് ലിനിയുടെ പേര് നൽകുമെന്നും മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചിരുന്നു.