സസ്‌പെന്‍സ് ത്രില്ലറായ് ‘ഗാംബിനോസ്’; ട്രെയ്‌ലര്‍ കാണാം

January 6, 2019

സസ്‌പെന്‍സ് ത്രില്ലറായ ഗാംബിനോസ് എന്ന പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മലയാളത്തിന്റെ പ്രിയതാരം ജയസൂര്യയാണ് ട്രെയ്‌ലര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്. നവാഗതനായ ഗിരീഷ് പണിക്കര്‍ മട്ടാടയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. രാധിക ശരത്കുമാര്‍, വിഷ്ണു വിനയ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായെത്തുന്നത്.

ആക്ഷന്‍ രംഗങ്ങളും സസ്‌പെന്‍സും പ്രണയവുമെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നു. ഒരു അധോലോക കുടുംബത്തിന്റെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് രാധിക ശരത്കുമാര്‍ അവതരിപ്പിക്കുന്നത്.

കങ്കാരു ബ്രോഡാകാസ്റ്റിംഗിന്റെ ബാനരിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സമ്പത്ത് രാജ്, ശ്രീജിത്ത് രവി, സാലു കെ ജോര്‍ജ്, സിജോയ് വര്‍ഗീസ്, മുസ്തഫ, നീരജ, ജാസ്മിന്‍ ഹണി, ബിന്ദു വടകര, ഷെറിന്‍, വിജയന്‍ കാരന്തൂര്‍ തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നുണ്ട്.