ജാനുവായി ഭാവന; ’99’ ന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

February 15, 2019

96 ലൂടെ തൃഷ അനശ്വരമാക്കിയ ജാനുവായി എത്തുകയാണ് മലയാളത്തിന്റെ മകളും കന്നഡയുടെ മരുമകളുമായ ഭാവന. വാലന്റൈൻസ് ദിനത്തിൽ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് 99 ന്റെ അണിയറ പ്രവർത്തകർ. കഴിഞ്ഞ വർഷം തെന്നിന്ത്യ മുഴുവൻ നെഞ്ചേറ്റിയ ചിത്രമായിരുന്നു വിജയ് സേതുപതിയും തൃഷയും ഒന്നിച്ചഭിനയിച്ച ’96’.

മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം കന്നഡയിലേക്ക് റീമേക്ക് ചെയ്യുമ്പോൾ ’96’  ’99’ ആകും. ചിത്രത്തിൽ ജാനുവായി ഭാവന എത്തുമ്പോൾ വിജയ് സേതുപതി അവിസ്മരണീയമാക്കിയ വേഷം കൈകാര്യം ചെയ്യുന്നത് കന്നഡയിലെ ഗോൾഡൻ സ്റ്റാർ എന്ന് വിശേഷിക്കപ്പെടുന്ന ഗണേഷാണ്.

ചിത്രീകരണം പൂർത്തിയായ 99 ന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു. പ്രീതം ഗുബ്ബിയാണ് ചിത്രം കന്നഡയിൽ സംവിധാനം ചെയ്യുന്നത്. 96 എന്ന സിനിമ കണ്ടിറങ്ങിയ ഒട്ടുമിക്ക ആളുകളെയും തങ്ങളുടെ ഭൂതകാലത്തിന്റെ മനോഹരമായ ഓർമ്മകളിലേക്ക് എത്തിച്ച ചിത്രം മലയാളവും തമിഴകവും ഒരുപോലെ നെഞ്ചേറ്റിയിരുന്നു.. ചിത്രം ഇനി കന്നഡയിൽ എത്തുമ്പോഴും സിനിമയുടെ ഭംഗി ഒട്ടും ചോരാതെ കാത്തുസൂക്ഷിക്കപെടുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.