ഹരിശ്രീ അശോകന് സംവിധാനം ചെയ്യുന്ന ‘ആന് ഇന്റര്നാഷ്ണല് ലോക്കല് സ്റ്റോറി’ നാളെ തീയറ്ററുകളിലേക്ക്
മലയാളികളുടെ പ്രിയ ഹാസ്യതാരം ഹരിശ്രീ അശോകന് ചലച്ചിത്ര സംവിധായകനാകുന്നു എന്ന വാര്ത്ത ഏറെ ഇഷ്ടത്തോടെയാണ് പ്രേക്ഷകര് ഏറ്റെടുത്ത്. ‘ആന് ഇന്റര്നാഷ്ണല് ലോക്കല് സ്റ്റോറി’ എന്ന ചിത്രത്തിന്റെ പേരില് തന്നെ കൗതുകം ഒളിപ്പിച്ചുകൊണ്ടായിരുന്നു ഹരിശ്രീ അശോകന്റെ സംവിധാന രംഗത്തേക്കുള്ള കടന്നുവരവ്. നര്മ്മത്തിന് പ്രാധാന്യം നല്കിക്കൊണ്ടാണ് ചിത്രമൊരുങ്ങുന്നത്. ആന് ഇന്റര്നാഷ്ണല് ലോക്കല് സ്റ്റോറി നാളെ തീയറ്ററുകളിലെത്തും.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറും ഗാനങ്ങളുമെല്ലാം ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ‘ആത്മാവില് പെയ്യും…’ എന്നു തുടങ്ങുന്ന ഗാനമാണ് ഏറ്റവും ഒടുവില് അണിയറപ്രവര്ത്തകര് പുറത്തുവിട്ടിരിക്കുന്നത്. മനോഹരമായൊരു പ്രണയഗാനമാണിത്. ബികെ ഹരിനാരയണന്റേതാണ് വരികള്. ഗോപി സുന്ദര് ഈണം നല്കിയിരിക്കുന്നു. ശ്വേത മോഹനും ഹരിശങ്കറും ചേര്ന്നാണ് ആലാപനം.
ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ ഒരുഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. പട്ടണം മാറീട്ടും പട്ടിണി മാറീട്ടും…’ എന്നു തുടങ്ങുന്ന ഗാനം ഹരിശ്രീ അശോകന്റെ മകന് അര്ജുന് അശോകനാണ് ആലപിച്ചിരിക്കുന്നത്. ദിനു മോഹന്റെ വരികള്ക്ക് അരുണ് രാജ് സംഗീതം പകര്ന്നിരിക്കുന്നു. മലയാളികളുടെ പ്രിയതാരം ദുല്ഖര് സല്മാനടക്കം നിരവധി പേരാണ് അര്ജുന് അശോകന്റെ ആലാപനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
Read more:പ്രേക്ഷകര് സ്വീകരിച്ച ‘കുമ്പളങ്ങി നൈറ്റ്സി’ലെ ആ മനോഹര രംഗം ഇതാ; വീഡിയോ
എം ഷിജിത്ത്, ഷഹീര് ഖാന് എന്നിവര് ചേര്ന്നാണ് ചിത്രത്തിന്റെ നിര്മ്മാണം. രാഹുല് മാധവ്, ധര്മ്മജന് ബോള്ഗാട്ടി, മനോജ് കെ.ജയന്, കലാഭവന് ഷാജോണ്, സുരഭി സന്തോഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം കോമഡി എന്റര്ടെയ്നര് ആയിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്ട്ടുകള്. എസ് സ്ക്വയര് സിനിമാസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്മ്മാണം.
ടെലികോം വകുപ്പില് കരാര് ജോലിക്കാരനായിരുന്ന അശോകന് മിമിക്രിയിലൂടെ കലാരംഗത്ത് സജീവമായി. കൊച്ചിയിലെ പ്രമുഖ മിമിക്സ് പരേഡ് സംഘമായ ഹരിശ്രീയായിരുന്നു അശോകന്റെ ആദ്യ തട്ടകം. 1989ല് ‘റാംജിറാവ് സ്പീക്കിംഗ്’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടര്ന്ന് നിരവധി അവസരങ്ങള് അശോകനത്തേടിയെത്തി. സംഭാഷണശൈലിയുടെ പ്രത്യേകതയായാണ് അശോകനിലെ ഹാസ്യനടനെ കൂടുതല് ശ്രദ്ധേയനാക്കിയത്. 2007ല് ‘ആകാശം’ എന്ന ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അശോകന് സീരിയസായ വേഷങ്ങളിലേക്ക് ചുവടുമാറ്റം നടത്തിയിട്ടുണ്ട്.