‘പരീക്ഷൊന്ന് കഴിയട്ടിഷ്ടാ, മ്മക്ക് പെടക്ക്യാം’; ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്‌’എത്താൻ വൈകും…

February 26, 2019

കാല്‍പ്പന്തു കളിയുടെ ആരവത്തിനൊപ്പം പ്രണയവും സൗഹൃദവും കളിയില്‍ അല്‍പ്പം കാര്യവും നിറഞ്ഞ കഥ പറയാൻ ഒരുങ്ങുകയാണ് അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്‌. കാളീദാസിനെ നായകനാക്കി മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തിയതി മാറ്റി. മാർച്ച് ഒന്നിന് റിലീസ് ചെയ്യാനിരുന്ന ചിത്രം മാർച്ച് 22 നായിരിക്കും റിലീസ് ചെയ്യുക. റിലീസ് മാറ്റിയ വിവരം  സംവിധായകൻ മിഥുൻ മാനുവൽ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്..  കുട്ടികളുടെ പരീക്ഷ പ്രമാണിച്ചാണ് റിലീസ് വൈകിപ്പിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഒരു പോസ്റ്ററും മിഥുൻ മാനുവൽ പങ്കുവെച്ചിട്ടുണ്ട്.

കാളിദാസ് ജയറാമും ഐശ്വര്യ ലക്ഷ്മിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

‘ആട്’, ‘ആന്മരിയ കലിപ്പിലാണ്’, ‘അലമാര’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറി സംവിധായകനും തിരക്കഥാകൃത്തുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന പുതിയ ചിത്രം നിർമ്മിക്കുന്നത് ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ്. കാട്ടൂർക്കടവ് എന്ന ഗ്രാമത്തിലെ ആളുകളുടെ ജീവിതവും അർജന്റീന ഫുട്ബോൾ ടീമിനോടുള്ള ആരാധനയുമാണ് ചിത്രത്തിന്റെ പ്രമേയം.

കോട്ടയം കുഞ്ഞച്ചൻ, ആട് 3 , തുടങ്ങി നിരവധി ചിത്രങ്ങളാണ് മിഥുൻ മാനുവൽ തോമസിന്റേതായി പുറത്തിറങ്ങാനുള്ളത്. ആട്’, ‘ആന്മരിയ കലിപ്പിലാണ്’, ‘അലമാര’ തുടങ്ങിയ മിഥുൻ മനുവലിന്റെ ചിത്രങ്ങളെല്ലാം പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവും ആരാധകർ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

അതേസമയം ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് നായകനായി തിരിച്ചുവരവ് നടത്തിയ കാളിദാസിനും ഒരുപിടി നല്ല ചിത്രങ്ങളാണ് ഉള്ളത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത മിസ്റ്റർ ആൻഡ് മിസ് റൗഡിയാണ് താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രത്തിൽ കാളിദാസിന്റെ നായികയായി എത്തുന്നത് അപർണ ബലമുരളിയാണ്. വലിയ താരനിരകൾ ഒന്നിക്കുന്ന ചിത്രത്തിന്  മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ജിത്തു ജോസഫും ചേര്‍ന്നാണ് മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയുടെ നിര്‍മ്മാണം. ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് ജിത്തു ജോസഫ് തന്നെയാണ്. ചിത്രത്തിൽ കാളിദാസിനും അപർണ്ണയ്ക്കുമൊപ്പം ഗണപതി, വിഷ്ണു, ഭഗത് മാനുവല്‍, ഷെബിന്‍ ബെന്‍സല്‍, ശരത് സഭ എന്നിവരും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.