അവളുടെ ചിരിയും കളിയുമാണ് ഞങ്ങൾക്ക് ഏറ്റവും സന്തോഷം ; ഹൃദയം തൊടുന്നൊരു കുറിപ്പ് വായിക്കാം..

February 8, 2019

ശാരീരിക പരിമിതികളിലൂടെ കടന്നുപോകുമ്പോഴും ഒരു അച്ഛനും മകളും തമ്മിലുള്ള സ്നേഹത്തിന്റെ കഥ പറയുന്ന ചിത്രം പേരൻപ് തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടികൊണ്ടിരിക്കുകയാണ്. ചിത്രം കാണാൻ എത്തിയവരിൽ പലരും തങ്ങളുടെ അനുഭവങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരച്ഛന്റെ ഫേസ്ബുക്ക് കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

അഷ്റഫിന്‍റെ കുറിപ്പ് വായിക്കാം..

“പേരൻപ് ” മലയാള, തമിഴ് സിനിമാ ലോകം നെഞ്ചിലേറ്റിരിക്കുകയാണല്ലോ , അമുദവനും(മമ്മൂട്ടി) പാപ്പയും(സാധന)യും പ്രേക്ഷക മനസ്സിൽ ഒരു തേങ്ങലായ് മാറിക്കഴിഞു, ഭിന്നശേഷിക്കാരിയായ മകളും അച്ഛനും ജനഹൃദയങ്ങളിൽ ഒരു നൊമ്പരമായ് മാറിക്കഴിഞു, നിരൂപണങ്ങളും ആസ്വാദനക്കുറിപ്പുകളും ഇതിനകം കുറെ വായിച്ചു കഴിഞു, ഈ സിനിമ കാണാൻ എന്തായാലും ഭാര്യ റൗഫത്തിനെ കൊണ്ട് പോകുന്നില്ല, അവൾക്ക് കാണാനുളള ത്രാണിയുണ്ടാവില്ല. ജീവിതത്തിന്റെ പകർന്നാട്ടം കണ്ടിരിക്കാൻ അവൾക്ക് കഴിയില്ല. അമുദവനെപ്പോലെയുളള അനേകം അച്ഛന്മാരിൽ ഒരാളാണ് ഞാനും. അമുദവൻ അനുഭവിക്കുന്ന ആത്മ സംഘർഷത്തിന്റെ തീവ്രത എന്റെ നെഞ്ചിലെ നെരിപ്പോടിൽ എരിയുന്നത് ഇത് വരെ ആരോടും പറഞിട്ടില്ല.

2009 ആഗസ്റ്റ് 26 മകൾ അംന(പമ)യുടെ ജനനം, പ്രസവിച്ചതിനു പിറ്റേ ദിവസം ചില അസ്വഭാവിക ലക്ഷണങ്ങൾ മകളിൽ കണ്ടതിനെ തുടർന്ന് ഡോക്ടർ എന്നെ വിളിപ്പിച്ചു, ഡൗൺസ് സിൻഡ്രോമിന്റെ ലക്ഷണങ്ങളാണ് മകൾക്കുളളതായി ഡോക്ടർ പറഞു, ഡോക്ടറുടെ വിശദീകരണം പൂർത്തിയായി.. എന്റെ കണ്ണിൽ ഇരുട്ട് കയറി, കണ്ണുകൾ നിറഞൊഴുകി, ഇതിനിടയിൽ കാര്യങ്ങൾ എന്താണ് എന്നറിയാൻ റൗഫത്ത് തിരക്കു കൂട്ടുന്നുണ്ടായിരുന്നു, അവളോട് പറയാൻ മടിച്ചു, നിർബന്ധം കൂടിയപ്പോൾ മടിച്ച് മടിച്ച് കാര്യങ്ങൾ പറഞു, അവൾ ആദ്യം നിർവ്വികാരമായി കാര്യങ്ങൾ കേട്ടു, പിന്നെ എന്റെ കൈകൾ ചേർത്ത് പിടിച്ച് പൊട്ടിക്കരഞു.

മനസ്സാന്നിദ്ദ്യം വീണ്ടെടുത്ത് ഞാൻ സഹോദരന്മാരെ ഫോണിൽ വിളിച്ചു. അവരുടെ ആശ്വാസ വാക്കുകളൊന്നും മനസ്സിൽ കയറുന്നില്ല, ആശുപത്രിയിൽ അന്ന് രാത്രി ഞാനും റൗഫത്തും ഉറങ്ങാതെ കഴിച്ചു കൂട്ടി, പിറ്റേന്ന് ജൂബിലി മിഷനിലേക്ക് കുട്ടിയുമായി പോയി, സിസേറിയൻ കഴിഞ അസ്വാസ്യങ്ങൾക്കിടയിലും റൗഫത്തും തൃശൂരിലേക്ക് പോന്നു, അവിടെ രണ്ട് ദിവസം അഡ്മിറ്റായി, വിദഗ്ദ പരിശോദനയിൽ ഡൗൺസ് സിൻഡ്രം, ഓട്ടിസം തുടങ്ങി എല്ലാ കാര്യങ്ങളും ഡയഗ്നോസ്റ്റിക് റിപ്പോർട്ടിൽ പറഞു, മനസ്സിലാകെ ശൂന്യത പടർന്നു, ഞാൻ തളർന്നാൽ റൗഫത്തും തളരും, മോൾ മറ്റു കുട്ടികളെ പോലെ പ്രാപ്തയാകുമോ, അവൾ ചോദിച്ചു. ഞാൻ പറഞു കഴിയും, അതൊരു ഉറച്ച വാക്കായിരുന്നു.

പിന്നെ മകളു(പമ)മായി കയറിറങ്ങാത്ത സ്ഥലങ്ങില്ല, ആദ്യം തൃശൂർ അശ്വനി ഹോസ്പിറ്റലിൽ രണ്ടു മാസം പ്രായമുളളപ്പോൾ ഫിസിയോ തെറാപ്പിക്ക് കൊണ്ട് പോകാൻ തുടങ്ങി, പിന്നെ കുന്നംകുളം THFIയിൽ കൊണ്ടു പോയി, പത്ത് വർഷം വിവിധ ആശുപത്രികൾ, മകളെ തോളിലേറ്റി നിരന്തരമായ യാത്രകൾ അധികവും റൗഫത്താണ് നടത്തിയിരുന്നത്, അവൾക്കും അത് ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാക്കി, ഫിസിയോ തെറാപ്പിക്ക് ഫലം കണ്ട് തുടങ്ങി, അവൾ പിടിച്ച് നിൽക്കാനും മറ്റും തുടങ്ങി, വീണ്ടും തൃശൂരിലെ എഫാത്തയിൽ സ്പീച്ച് തെറാപ്പി, സൈക്കോയും, ഇപ്പോഴും ചികിൽസ തുടരുന്നു, ആദ്യം ചികിൽസിച്ച ഡോക്ടർ പറഞത് ഇപ്പോഴും
മനസ്സിലുണ്ട്, എത്ര വില പിടിച്ച മരുന്നിനും ഈ അസുഖത്തെ മാറ്റാൻ കഴിയില്ല, പക്ഷെ നിങ്ങളുടെ കഠിന പരിശ്രമം ഇവളെ ഒരു പാട് മാറ്റാൻ കഴിയും, മരുന്നുകൾക്കല്ല അവൾക്ക് നല്കുന്ന സ്നേഹത്തിനും പരിശീലനത്തിനും മാത്രമേ ഗുണപരമായ മാറ്റം ഉണ്ടാക്കാൻ കഴിയ.

ഇപ്പോളവർ എഴുതാനും വായിക്കാനും കുറെശ്ശെ തുടങ്ങിയിട്ടുണ്ട്, സംസാരം അവ്യക്തമെങ്കിലും കാര്യങ്ങൾ തിരിച്ചറിയാനും ശ്രദ്ധിക്കാനും തുടങ്ങിയിട്ടുണ്ട്, ഞാൻ വീട്ടിലെത്തുമ്പോഴേക്കും വാതിൽ തുറക്കാനായി ഓടിയെത്തും, എന്റെ ബാഗിലോ കീശയിലോ മധുര പലഹാരം ഉണ്ടോ എന്ന് പരതി നോക്കും, ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴും എന്നെ പറ്റിച്ചേർന്ന് അവളുണ്ടാകും, അവൾക്കേറെ ഇഷ്ടമുളള വർണ്ണ ഉടുപ്പുകൾ അണിയിച്ച് ഉൽസവങ്ങൾക്കും സിനിമക്കും കൊണ്ട് പോകും,എന്റെ മൊബൈൽ സ്വയം ഓൺചെയ്ത് അതിൽ അവൾക്കേറെ ഇഷ്ടമുളള പാട്ടുകൾ കേട്ട് അവയൊക്കെ അവ്യക്തമായി എനിക്ക് പാടി തരും, പമയുടെ ചിരിയും കളിയുമാണ് ഇപ്പോൾ ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം.