പ്രായത്തെ തട്ടി തോൽപ്പിച്ച് കളിക്കളങ്ങളിൽ വിസ്മയം സൃഷ്ടിക്കുന്ന ഫുട്ബോൾ രാജാക്കന്മാർക്ക് ഇന്ന് പിറന്നാൾ …

February 5, 2019

ഫുട്ബോളിന്റെ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച രണ്ട് കാല്പന്തുകളിക്കാരാണ് പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബ്രസീലിന്റെ നെയ്മറും. ഇരു രാജാക്കന്മാരെയും ലോകത്തിന് കിട്ടിയത് ഫെബ്രുവരി അഞ്ച് എന്ന ദിനത്തിലായത് ആരാധകർക്ക് ഇരട്ടി മധുരമാണ് നൽകുന്നത്.

പ്രായത്തെ തട്ടി തോൽപ്പിച്ച് കളിക്കളങ്ങളിൽ വിസ്മയം സൃഷ്ടിക്കുന്ന ഇരുവർക്കും പിറന്നാൾ ആശംസകളുമായി നിരവധി ആരാധകരാണ് എത്തുന്നത്. റൊണാള്‍ഡോ 34ാം പിറന്നാളും നെയ്മര്‍ 27ാം പിറന്നാളുമാണ് ആഘോഷിക്കുന്നത്.

ലോകം മുഴുവൻ അത്ഭുതത്തോടെ നോക്കി നിന്ന ഫുട്ബോൾ കളിക്കാരനാണ് ക്രിസ്റ്റിയാനോ റൊണാൾഡോ. മികച്ച ഗോളുകളിലൂടെ അത്ഭുതങ്ങൾ സൃഷ്ടിച്ചിരുന്ന  ഫുട്ബോൾ രാജാവ്. ഇത്തവണ ഇറ്റാലിയന്‍ ലീഗില്‍ ടോപ്‌സ്കോറര്‍ പദവി അലങ്കരിച്ചാണ് റൊണാള്‍ഡോ 34ാം പിറന്നാള്‍ ആഘോഷിക്കുന്നത്.

ഗോളടിച്ചും ഗോളടിപ്പിച്ചും നെയ്മറെന്ന സൂര്യൻ നിറഞ്ഞു നിന്ന കളിക്കളങ്ങൾ ആരാധകർക്ക് എന്നും ആവേശമാണ്. കാല്പന്തുകളിയിലെ മിന്നുന്ന പ്രകടനത്തിലൂടെ നെയ്മറെന്ന പ്രതിഭാധനനായ താരത്തിന് ലോകം മുഴുവൻ ആരാധകരാണ്.. എന്നാൽ പരിക്കുപറ്റി വിശ്രമത്തിലിരിക്കുന്ന താരം കുടുംബത്തിനൊപ്പമാണ് ഇത്തവണത്തെ പിറന്നാൾ ആഘോഷമാകുന്നത്.

ഫുട്ബാൾ ലോകം അടക്കിഭരിക്കുന്ന സൂപ്പർ താരങ്ങളുടെ ഗോളുകൾ  ഇനിയും വലകളെ ചുംബിച്ചുകൊണ്ടേയിരിക്കട്ടെ…