ഏഴ് വർഷങ്ങൾക്ക് ശേഷം ക്യാമറയ്ക്ക് മുന്നിലേക്ക്, കിരീടമണിഞ്ഞ് മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട്

February 28, 2019

മലയാള സിനിമലോകം കണ്ണും നട്ട് കാത്തിരുന്നത് ഈ നിമിഷത്തിന് വേണ്ടിയാണ്. മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ ഏഴ് വർഷങ്ങൾക്കു ശേഷം ക്യാമറയ്ക്ക് മുന്നിലെത്തുമ്പോൾ ആരാധകരുടെ ആവേശം ചെറുതൊന്നുമല്ല. മകൻ രാജ്‌കുമാർ നിർമ്മിക്കുന്ന പരസ്യത്തിലൂടെയാണ് ജഗതി തിരിച്ചുവരവ് അറിയിക്കുന്നത്.

ജഗതിയുടെ രണ്ടാം വരവ് അറിയിക്കുന്ന പരസ്യത്തിന്റെ സ്വിച്ചോൺ കർമ്മം നിർവഹിച്ചത് നടൻ മനോജ് കെ ജയനാണ്. സിൽവർ സ്റ്റോ വാട്ടർതീം പാർക്കിനുവേണ്ടിയുള്ള പരസ്യത്തിലാണ് ജഗതി അഭിനയിക്കുന്നത്.

ചികിത്സയുടെ ഭാഗമായി ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് താരം അഭിനയത്തിലേക്ക് തിരിച്ചുവരവ് നടത്തുന്നതെന്ന് കുടുംബങ്ങൾ നേരത്തെ അറിയിച്ചിരുന്നു.

ഹാസ്യ കഥാപാത്രമായും പ്രധാന കഥാപാത്രമായുമൊക്കെ മലയാള സിനിമയിൽ തിളങ്ങി നിന്ന താരം വാഹനാപകടത്തെത്തുടർന്ന് വർഷങ്ങളായി ചികിസ്തയിലായിരുന്നു. 2012 മാര്‍ച്ചിലാണ് മലപ്പുറം തേഞ്ഞിപ്പാലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് ജഗതി അഭിനയരംഗത്തുനിന്ന് പിൻവാങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജഗതി വർഷങ്ങൾ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്.

മികച്ച കഥാപാത്രങ്ങളിലൂടെ കാണികളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയുമൊക്കെ ചെയ്ത താരമാണ് ജഗതി ശ്രീകുമാർ. താരത്തിന്റെ തിരിച്ചുവരവിനായി അക്ഷമരായി കാത്തിരിക്കുന്ന ആരാധകർക്ക് താരം അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നുവെന്ന വാർത്ത വളരെ സന്തോഷം പകരുന്നതാണ്.

തൃശ്ശൂർ ചാലക്കുടിയിലെ വാട്ടർ തീം പാർക്കിന്‍റെ പരസ്യചിത്രത്തിലൂടെ താരം വീണ്ടും ക്യാമറയ്ക്ക് മുമ്പിൽ എത്തുമ്പോൾ ആവേശത്തിലാണ് ആരാധകർ. അടുത്തവർഷം സിനിമയിലും ജഗതി ശ്രീകുമാർ അഭിനയിക്കുമെന്ന് മകൻ രാജ്കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജഗതിയുടെ തന്നെ ബാനറായ ജഗതി ശ്രീകുമാർ എന്‍റർടെയ്ൻമെന്‍റ്സ് കമ്പനിയാണ് പരസ്യചിത്രം നിർമ്മിക്കുന്നത്