4 കോടി കാഴ്ചക്കാരുമായ് ‘തീവണ്ടി’യിലെ ജീവാംശമായ് ഗാനം

February 21, 2019

2018ല്‍-മലയാളികള്‍ ഏറെ ഇഷ്ടത്തോടെ ഏറ്റുപാടിയ ഗാനമാണ് ‘തീവണ്ടി’ എന്ന ചിത്രത്തിലെ ‘ജീവാംശമായ്…’ എന്നു തുടങ്ങുന്ന ഗാനം. ഏറെ പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു ഈ ഗാനം. ഇപ്പോഴിതാ ജീവാംശമായ് ഗാനത്തെക്കുറിച്ച് പുതിയൊരു വിശേഷം പങ്കുവെച്ചിരിക്കുകയാണ് ഈ ഗാനത്തിന് ഈണം പകര്‍ന്ന കൈലാസ് മേനോന്‍. യുട്യൂബില്‍ ഇതിനോടകം തന്നെ നാല് കോടിയിലധികം ആളുകളാണ് ഈ ഗാനം കണ്ടത്.

‘തീവണ്ടി’ റിലീസ് ആകുന്നതിനു മുമ്പേ ‘ജീവാംശമായ്…’ എന്നു തുടങ്ങുന്ന ചിത്രത്തിലെ ഗാനവും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നവാഗതനായ ഫെല്ലിനിയാണ് തീവണ്ടി എന്ന ചിത്രത്തിന്റെ സംവിധാനം. തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചിത്രമാണ് തീവണ്ടി. ടോവിനോ തോമസാണ് ബിനീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ സംയുക്ത മേനോനാണ് ടോവിനോയുടെ നായികയായി ചിത്രത്തിലെത്തയത്. സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തി. ചെയിന്‍ സ്‌മോക്കറായ ടോവിനോ കഥാപാത്രത്തിന്റെ ഇരട്ടപ്പേരാണ് ‘തീവണ്ടി’.