‘ജോസഫി’ലെ ഗാനം വീണ്ടും ആലപിച്ച് ജോജു; കൈയടിച്ച് പ്രേക്ഷകര്‍: വീഡിയോ

February 6, 2019

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ‘ജോസഫ്’. ഹാസ്യ നടനായും വില്ലനായും എത്തി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ജോജു ജോര്‍ജ് നായകനായി എത്തിയ ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ചിത്രത്തിലെ ജോജുവിന്റെ അഭിനയത്തെ പുകഴ്ത്തി നിരവധി പേരും രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ പാട്ടുകളും ഏറെ പ്രേക്ഷക സ്വീകാര്യത നേടി. ജോസഫിലെ ‘പണ്ട് പാടവരമ്പത്തിലൂടെ…’ എന്നു തുടങ്ങുന്ന ഗാനമാലപിച്ച് വീണ്ടും ശ്രദ്ധേയമാവുകയാണ് ജോജു.

സിനിമാസ്വാദകരുടെ കൂട്ടായ്മയായ മീവി സ്ട്രീറ്റിന്റെ മികച്ച നടനുള്ള അവാര്‍ഡ് ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് പാട്ടുപാടി വീണ്ടും ജോജു താരമായത്. ജോസഫ് പോലൊരു സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമെന്ന് ഒരിക്കല്‍പോലും കരുതിയിരുന്നില്ലെന്നും ഒരുപാടു പേരുടെ സഹായം കൊണ്ടാണ് ആ സിനിമയില്‍ അങ്ങനെ അഭിനയിക്കാന്‍ കഴിഞ്ഞതെന്നും ജോജു പറഞ്ഞു.
എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘ജോസഫ്’ എന്ന ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷത്തിലാണ് ജോജു എത്തുന്നത്. ഒരു പൊലീസുകാരന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. മനോഹരമായൊരു സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്നതാണ് ജോസഫ് എന്ന ചിത്രം. ഡ്രീം ഷോര്‍ട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത്ത് പ്രസൂനാണ് നിര്‍മ്മാണം.

സൗബിന്‍ സാഹിര്‍, ദിലീഷ് പോത്തന്‍, അനില്‍ മുരളി, ജയിംസ് ഏലിയാ, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, സാദിഖ്, സെനില്‍ സൈനുദ്ദീന്‍ മനുരാജ്, മാളവിക മേനോന്‍, ആത്മീയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.