തരംഗമായി പുതിയ ക്യാരക്ടർ പോസ്റ്റർ; ആദ്യ ചിത്രം പുറത്തുവിട്ട് പൃഥ്വി

February 20, 2019

സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹൻലാൽ എത്തുന്ന പൃഥ്വിരാജ് ചിത്രം ലൂസിഫറിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്ററാണ് ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുന്നത്.

ഇന്ന് മുതല്‍ 26 ദിവസത്തേക്ക് 26 കാരക്ടര്‍ പോസ്റ്റര്‍ പങ്കുവെയ്ക്കുകയാണെന്ന്  ‘ലൂസിഫര്‍’ ടീം നേരത്തെ അറിയിച്ചിരുന്നു. പൃഥ്വിരാജിന്റെ ഒദ്യോഗിക ഫേസ്ബുക്ക്  പേജിലൂടെയാണ് പോസ്റ്റർ പങ്കുവെക്കുന്നത്. മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ലൂസിഫര്‍’. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. തീവ്രമായ കഥാപാത്രമാണ് മോഹന്‍ലാലിന്റേത് എന്ന വ്യക്തമാക്കുന്ന തരത്തിലുള്ളതാണ് ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മിക്ക പോസ്റ്ററുകളും.

മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. ബോളിവുഡ് താരം വിവേക് ഒബ്‌റോയിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  ചിത്രത്തില്‍ മഞ്ജുവാര്യരാണ് നായിക. ഇന്ദ്രജിത്തും ടൊവിനോയും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.