‘ഓട്ടം’ തുടങ്ങാൻ അവർ എത്തുന്നു, ചാച്ചനും പിള്ളേരും…

February 22, 2019

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സാം സംവിധാനം ചെയ്യുന്ന ‘ഓട്ടം’ എന്ന ചിത്രം മാർച്ച് എട്ടിന് തിയേറ്ററുകളിൽ എത്തും. റോഷന്‍, നന്ദു, രേണു, മാധുരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് രാജേഷ് കെ നാരായണനാണ്.

ചിത്രത്തിൽ അലന്‍സിയര്‍, സുധീര്‍ കരമന, കലാഭവൻ ഷാജോൺ മണികണ്ഠന്‍ ആചാരി, രാജേഷ് വര്‍മ്മ, തെസ്നി ഖാന്‍, രജിത മധു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. മലയാളത്തിലെ പ്രമുഖ സംവിധായകർ ബ്ലെസി, നിസ്സാര്‍, സുരേഷ് ഉണ്ണിത്താന്‍, ലെനിന്‍ രാജേന്ദ്രന്‍ എന്നിവരുടെ അസോസിയേറ്റായിരുന്ന സാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് തോമസ് തിരുവല്ലയാണ്. ഈ ചിത്രം മലയാള സിനിമയിലെ മറ്റൊരു നാഴികക്കല്ലാകുമെന്നതിൽ സംശയമില്ല.

ശ്രീകുമാരന്‍ തമ്പി, ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ജോണ്‍ പി വര്‍ക്കി സംഗീതം പകരുന്നു. പപ്പുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. വിശാല്‍ വി എസ് എഡിറ്റിങ് നിർവഹിക്കും.  ചിത്രത്തിൻറെ ട്രെയ്‌ലർ ഇന്ന് റിലീസ് ചെയ്യും.