സൗത്ത് ഇന്ത്യയിൽ തരംഗമായി റൗഡി ബേബി; യു ട്യൂബിലൂടെ മാത്രം കണ്ടത് ഇരുപത് കോടിയിലധികം ആളുകൾ..

February 11, 2019

തെന്നിന്ത്യ മുഴുവനുമുള്ള ആരാധകർ ഏറ്റെടുത്ത ഗാനമാണ് മാരി- 2 വിലെ റൗഡി ബേബി എന്ന ഗാനം. ധനുഷും സായി പല്ലവിയും തകർത്താടിയ ഈ ഗാനം നേരത്തെ തന്നെ ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഗാനങ്ങളിൽ ഒന്നാം സ്ഥാനമാണ് ഈ ഗാനം കരസ്ഥമാക്കിയത്. സായ് പല്ലവിയും ധനുഷും ചേർന്ന് ചുവടുവെച്ച ഗാനം ഇരുപത് കോടിയിലേറെ പേരാണ് യു ട്യൂബിലൂടെ മാത്രം കണ്ടത്.

ലോകപ്രശസ്ത വിഡിയോകളെ ഉൾപ്പെടുത്തിയ ബിൽബോർഡ് യൂട്യൂബ് ചാർട്ടിൽ വീഡിയോകളുടെ ലിസ്റ്റിൽ നാലാം സ്ഥാനവും നേടിയിരുന്നു റൗഡി ബേബി.  പ്രഭുദേവയാണ് ഈ നൃത്തരംഗത്തിന്റെ  കൊറിയോഗ്രഫി നിർവഹിച്ചിരിക്കുന്നത്.

ഈ ഗാനത്തിലെ സായി പല്ലവിയുടെ നൃത്തത്തെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകൾ നേരത്തെ എത്തിയിരുന്നു. സായിയുടെ സ്റ്റെപ്പുകൾ കാണുന്നതിന് മാത്രമായി നിരവധി തവണ ആളുകൾ ഈ വീഡിയോ കണ്ടിരുന്നു. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ ഗാനം ട്രെന്റിങ്ങിൽ ഒന്നാമതെത്തിയിരുന്നു.