സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ ഇന്ന് പ്രഖ്യാപിക്കും; കടുത്ത പോരാട്ടമെന്ന് മലയാള സിനിമ

February 27, 2019

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 12 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയ്ക്കാണ് പ്രഖ്യാപനം. ആകെ 104 സിനിമകളാണ് ഇത്തവണയുള്ളത്. 100 ഫീച്ചർ ചിത്രങ്ങളും കുട്ടികളുടെ നാലു ചിത്രങ്ങളും. അവസാന റൗണ്ടിൽ 21 സിനിമകളാണ് മത്സരിക്കുന്നത്. പ്രശസ്ത സംവിധായകൻ കുമാർ സാഹ്നിയാണു ജൂറി അധ്യക്ഷൻ.

49ാമത് ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് മികച്ച നടൻ എന്നറിയാനാണ്. മികച്ച നടൻ, മികച്ച നടി, മികച്ച സിനിമ എന്നീ പ്രധാന വിഭാഗങ്ങളിൽ കടുത്ത മത്സരമാണ് നടക്കുന്നത്. മോഹന്‍ലാല്‍, ജയസൂര്യ, ഫഹദ് ഫാസില്‍, ജോജു ജോർജ്, സൗബിൻ സാഹിർ, ടൊവിനോ തോമസ് എന്നിവരാണ് മികച്ച നടനുള്ള സാധ്യത പട്ടികയില്‍ നിൽക്കുന്നത്.. മികച്ച നടിയുടെ വിഭാഗത്തിൽ അനു സിതാര, നിമിഷ സജയൻ, ഐശ്വര്യ ലക്ഷ്മി, മഞ്ജു വാര്യർ, ഉർവശിഎന്നിവരാണ് മുൻനിരയിൽ ഉള്ളത്.

ഫീച്ചര്‍ വിഭാഗത്തില്‍ മോഹൻലാൽ നായകനായി എത്തിയ ശ്രീകുമാർ ചിത്രം ‘ഒടിയൻ’, ഫഹദ് ഫാസിൽ നായകനായി എത്തിയ ‘കാര്‍ബണ്‍’, ഫഹദിന്റെ തന്നെ ‘ഞാൻ പ്രകാശൻ’, ഷാജി എൻ കരുണന്റെ ‘ഓള്’ തുടങ്ങി പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങൾക്കൊപ്പം നിരൂപകശ്രദ്ധ നേടിയ ചിത്രങ്ങളും മത്സരത്തിനുണ്ട്.

ഒടിയൻ, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹൻലാലും ഞാൻ പ്രകാശൻ, കാര്‍ബണ്‍ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് ഫഹദും ഒരു കുപ്രസിദ്ധ പയ്യൻ അടക്കമുള്ള ചിത്രങ്ങളിലെ അഭിനയത്തിന് ടൊവിനോയും കായംകുളം കൊച്ചുണ്ണിയിലെ അഭിനയത്തിന് നിവിൻ പോളിയും ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജയസൂര്യയും ജോസഫിലെ അഭിനയത്തിന് ജോജുവും അടക്കമുള്ള താരങ്ങളാണ് മികച്ച നടനുള്ള വിഭാഗത്തിൽ മത്സരിക്കുക.

മികച്ച സംഗീത സംവിധായകനുള്ള മത്സരത്തിൽ എം.ജയചന്ദ്രൻ, കൈലാസ് മേനോൻ,ഫൈസൽ റാസി, രഞ്ജിൻ രാജ് എന്നിവർ തമ്മിലാണ് മത്സരം. ഒടിയൻ, കൂടെ, ആമി, എന്റെ മെഴുതിരി അത്താഴങ്ങൾ എന്നീ ചിത്രങ്ങളിലാണ് ജയചന്ദ്രന്റെ ശ്രദ്ധേയ ഗാനങ്ങൾ. തീവണ്ടിയില ഗാനമൊരുക്കിയ കൈലാസ് മേനോൻ, പൂമരത്തിലൂടെ ഫൈസൽ റാസി, ജോസഫിലൂടെ രഞ്ജിൻ രാജ് എന്നിവരും മത്സര രംഗത്തുണ്ട്.