‘യാത്ര’യുടെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കി ആമസോണ്‍

February 13, 2019

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘യാത്ര’ എന്ന തെലുങ്ക് ചലച്ചിത്രം. വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറയുന്ന ചിത്രത്തിന് വന്‍ വരവേല്‍പാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുകയാണ് ആമസോണ്‍.

എട്ട് കോടി രൂപയ്ക്കാണ് ‘യാത്ര’യുടെ ഡിജിറ്റല്‍ റൈറ്റ്‌സ് ആമസോണ്‍ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ച് 10ന് ചിത്രം ആമസോണ്‍ പ്രൈമില്‍ എത്തും.

ആന്ധ്രാപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര്‍ റെഡ്ഡിയുടെ ജീവിതമാണ് സിനിമയില്‍ ആവിഷ്‌കരിക്കുന്നത്. രണ്ടാം തവണയും മുഖ്യമന്ത്രിയായിരിക്കെ ഉണ്ടായ ഹെലികോപ്റ്റര്‍ ദുരന്തത്തിലാണ് വൈ എസ് ആര്‍ കൊല്ലപ്പെട്ടത്. ഏറെ ജനകീയനായിരുന്നു വൈ എസ് ആര്‍. വിജയ് ചില്ലയും ശശി ദേവറെഡ്ഡിയും ചേര്‍ന്നാണ് ‘യാത്ര’യുടെ നിര്‍മ്മാണം. സുഹാസിനിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.