ഈ ഷമ്മിയും ഹീറോ തന്നെ; സംസ്ഥാന അവാര്‍ഡ് നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് ഷമ്മി തിലകന്‍

March 5, 2019

തീയറ്റരുകളില്‍ മികച്ച വിജയം നേടി മുന്നേറുന്ന കുമ്പളങ്ങി നൈറ്റ്‌സിലെ ഫഹദ് ഫാസിലിന്റെ കിടിലന്‍ ഡയലോഗ് ഓര്‍മ്മയില്ലേ… ‘ഷമ്മി ഹീറോ ആടാ ഹീറോ…’ എന്ന ഈ ഡയലോഗ് ഇപ്പോള്‍ ഏറ്റവും യോജിക്കുക ഷമ്മി തിലകനാണ്. മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡ് നേട്ടത്തിന്റെ നിറവിലാണ് ഷമ്മി തിലകന്‍. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ ‘ഒടിയന്‍’ എന്ന സിനിമയിലെ പ്രകാശ് രാജ് അവതരിപ്പിച്ച രാവുണ്ണി എന്ന കഥാപാത്രത്തിനാണ് ഷമ്മി തിലകന്‍ ഡബ്ബ് ചെയ്തത്. തീയറ്ററുകളില്‍ ഈ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.

ഫെയ്സ്ബുക്കിലൂടെയാണ് സംസ്ഥാന അവാര്‍ഡ് ലഭിച്ചതിന്‍റെ സന്തോഷം ഷമ്മി തിലകന്‍ പങ്കുവെച്ചത്. മലയാളത്തിന്‍റെ അനശ്വര നടന്‍ തിലകന്‍റെ മകനാണ് ഷമ്മി തിലകന്‍.  പുരസ്കാരം മണ്‍മറഞ്ഞുപോയ തന്‍റെ പിതാവിന് സമര്‍പ്പിക്കുന്നുവെന്നും താരം ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഡബ്ബിങ് ആര്‍ടിസ്റ്റിനു പുറമെ മികച്ചൊരു അഭിനേതാവ് കൂടിയാണ് ഷമ്മി തിലകന്‍.  1986ൽ പുറത്തിറങ്ങിയ ഇരകള്‍ എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്തേക്കുള്ള താരത്തിന്‍റെ അരങ്ങേറ്റം.   പ്രതിനായക വേഷങ്ങളിലൂടെയാണു ഷമ്മി തിലകന്‍ വെള്ളിത്തിരയില്‍ കൂടുതലായും തിളങ്ങിയത്. അഭിനയമികവുള്ള ഈ കലാകാരന്‍ ഹാസ്യവേഷങ്ങളും വെള്ളിത്തിരയില്‍ തകര്‍ത്തഭിനയിച്ചിട്ടുണ്ട്.  1993ൽ ഗസല്‍ എന്ന ചലച്ചിത്രത്തിലൂടെ മികച്ച ഡബ്ബിങ് കലാകാരനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.

Read more:ചിരി നിറയ്ക്കുന്ന കുട്ടിവര്‍ത്തമാനം, പ്രേക്ഷകരെ ഹരം കൊള്ളിച്ച പ്രകടനം; വീഡിയോ

ഷമ്മി തിലകന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ഔദ്യോഗിക അറിയിപ്പ് ഇന്നലെ (04/03/2019) കൈപ്പറ്റി..!
ബഹു.മന്ത്രി എ.കെ. ബാലൻ അവർകളുടെ ഈ അഭിനന്ദനം സവിനയം സ്വീകരിക്കുന്നു.
പുരസ്കാരങ്ങൾ, എന്നും ഏതൊരാൾക്കും പ്രിയപ്പെട്ടതും വിലപ്പെട്ടതുമാകുന്നു.!
പ്രത്യേകിച്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരം.!!
എത്രയും വിലപ്പെട്ട ഈ പുരസ്കാരത്തിന് ഞാൻ അർഹനായതിൽ ഒത്തിരി സന്തോഷിക്കുന്നു..!
അത് ലാലേട്ടന്റെ ഒടിയനിലൂടെ ലഭിച്ചതിൽ ഒത്തിരിയൊത്തിരി സന്തോഷം..!!

എന്റെ പിതാവിന്റേതായ താല്പര്യങ്ങൾക്കായി  ലാലേട്ടന്‍റെ നിര്‍ദ്ദേശാനുസരണം മാത്രമാണ് ഒടിയനിൽ പ്രകാശ് രാജിന് ശബ്ദം നൽകാനിടയായതും, ഈ പുരസ്കാരം ലഭിച്ചതും.!
രാജ്യം  പത്മഭൂഷന്‍ നല്‍കി ആദരിച്ച ലാലേട്ടന്റെ ആവശ്യത്തിന് ഞാൻ കല്പിച്ചുനൽകിയ മാന്യതയുടേയും, ആത്മാർത്ഥതയുടേയും അളവുകോലായി ഒടിയന് ലഭിച്ച ഈ ഒരേയൊരു അംഗീകാരത്തിനെ ഞാൻ കാണുന്നു..! അതുകൊണ്ട് ഞാനീ പുരസ്കാരം എന്റെ പിതാവിന് സമര്‍പ്പിക്കുന്നു.
കൂടാതെ..;
അദ്ദേഹത്തിന്റെ മകനായി പിറക്കാനായതിൽ ഒത്തിരി അഭിമാനിക്കുകയും, ആ പേരിന് കളങ്കമില്ലാതെ ജീവിച്ചു പോകാനാകുന്നതിൽ ഇത്തിരി അഹങ്കരിക്കുകയും ചെയ്യുന്നു.!!