ഈ ദിവസങ്ങളിൽ പകൽ സമയത്ത് പുറത്തിറങ്ങുന്നവർ സൂക്ഷിക്കാൻ… ചില മുൻകരുതലുകൾ

March 9, 2019

ഈ ദിവസങ്ങളിൽ പകൽ സമത്ത് പുറത്തിറങ്ങിയാൽ അസഹനീയമായ ചൂടാണ്. അതുകൊണ്ടുതന്നെ ചൂടുകാലത്ത് പുറത്തിറങ്ങുന്നവർ പ്രത്യേകം കരുതലോടെ ഇരിക്കാൻ ഓർമ്മിപ്പിക്കുകയാണ് ദുരന്ത നിവാരണ സേന അടക്കമുള്ള അധികൃതർ. ചൂട് കൂടുന്നതുകൊണ്ട് തന്നെ നിരവധി അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വളരെയധികമാണ്.

ചൂടുകാലത്ത് അധികമായി കണ്ടുവരുന്ന രോഗങ്ങളിൽ ഒന്നാണ് ചൂടുകുരു, ചെങ്കണ്ണ്, ചിക്കൻ പോക്സ് എന്നിവ. അതുപോലെ തന്നെ ശരീരത്തിലെ ജലാംശം കുറഞ്ഞ് തലകറക്കം, വിളർച്ച പോലുള്ള രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. വിയർപ്പ് തങ്ങി നില്ക്കാൻ ഇടയുള്ളതിനാൽ വേണ്ടത്ര ശുചിത്വം കാത്തുസൂക്ഷിച്ചില്ലെങ്കിൽ അതുമൂലവും നിരവധി അസുഖങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

പൊടിപടലങ്ങൾ ഈ ദിവസങ്ങളിൽ അസഹനീയമായതിനാൽ ചെങ്കണ്ണ്, കൺകുരു പോലുള്ള അസുഖങ്ങളാണ് സാധാരണമായി ഉണ്ടാകാൻ സാധ്യതയുള്ളത്. അതുകൊണ്ടുതന്നെ ഇടയ്ക്കിടയ്ക്ക് തണുത്ത വെള്ളത്തിൽ മുഖവും കണ്ണുകളും  കഴുകുന്നത് ഇത്തരം രോഗങ്ങളിൽ നിന്നും ഒരു പരിധിവരെ രക്ഷ നൽകും. അതുപോലെ ചൂടുകുരു ഉണ്ടാകാനുള്ള സാധ്യത അധികമായതിനാൽ രാവിലെയും വൈകിട്ടും നിർബദ്ധമായും കുളി ഉറപ്പുവരുത്തണം.

തേങ്ങാവെള്ളത്തിൽ ശരീരം കഴുകുന്നതും, ഇടയ്ക്കിടെ നനഞ്ഞ തുണികൊണ്ട് ശരീരം തുടയ്ക്കുന്നതും ചൂടുകുരു തടയുന്നതിന് ഒരു പരിധിവരെ സഹായിക്കും.
അതുപോലെത്തന്നെ ശരീരത്തിൽ വിയർപ്പ് തങ്ങിനിൽക്കാതെ സൂക്ഷിക്കുന്നത് ഒരുപരിധിവരെ ശരീരത്തെ ഒരുപാട് അസുഖങ്ങളിൽ നിന്ന് രക്ഷിക്കും.

അതുപോലെ ചൂടുകൂടുതലായതിനാൽ മിക്കപ്പോഴും ഏസിയിലോ ഫാനിന്റെ അടിയിലോ ആയിരിക്കും സമയങ്ങൾ ചിലവഴിക്കുക. അതുകൊണ്ടുതന്നെ ശരീരത്തിലെ ജലാംശം കുറയാനും വിളർച്ച, തളർച്ച പോലുള്ള അസുഖങ്ങൾ ഉണ്ടാകാനും ചർമ്മം വരണ്ടുപോകുന്നതിനും ഇടയാകും. അതിനാൽ വെള്ളം നന്നായി കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കണം.

ആരോഗ്യ സംരക്ഷണത്തിനൊപ്പം ചർമ്മത്തിന്റെ സംരക്ഷണവും ഉറപ്പുവരുത്തണം. അതുകൊണ്ടുതന്നെ ചൂടുകാലത്ത് ഏറെ കരുതലോടെ വേണം ഓരോ കാര്യങ്ങളും ചെയ്യാൻ.