‘റോക്കട്രി: ദ് നമ്പി ഇഫക്ട്’; അതിഥി വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയും

March 13, 2019

നമ്പി നാരായണന്റെ ജീവിതം പറയുന്ന ചിത്രമാണ് ‘റോക്കട്രി: ദ് നമ്പി ഇഫക്ട്’. ചിത്രത്തില്‍ മാധവനാണ് നമ്പി നാരായണനായി വെള്ളിത്തിരയില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ ഷാരൂഖ് ഖാനും സൂര്യയും എത്തുന്നു എന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അതിഥി വേഷത്തിലായിരിക്കും ഇരുവരും ചിത്രത്തിലെത്തുക. ചിത്രത്തിന്റെ ഹിന്ദി റീമേക്കിലായിരിക്കും ഷാരൂഖ് ഖാന്‍ അഭിനയിക്കുക. തമിഴില്‍ ഈ റോള്‍ സൂര്യ ആയിരിക്കും അവതരിപ്പിക്കുക. റോക്കട്രി: ദ് നമ്പി ഇഫക്ട് എന്ന ചിത്രത്തിന്റെ ഭാഗമാകാനുള്ള ആഗ്രഹം നേരത്തെയും സൂര്യ പ്രകടിപ്പിച്ചിരുന്നു.

Read more:എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം

അതേസമയം ചിത്രത്തില്‍ നായികാ കഥാപാത്രം ഉണ്ടായിരിക്കില്ലെന്ന് മാധവന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തില്‍ നായിക കഥാപാത്രം ഉണ്ടായിരിക്കില്ലെന്ന് മാധവന്‍ വ്യക്തമാക്കിയത്. ‘റോക്കട്രി: ദ് നമ്പി ഇഫക്ട്’ എന്ന സിനിമയുടെ സഹസംവിധായകന്‍ കൂടിയാണ് മാധവന്‍. നമ്പി നാരായണനായുള്ള മാധവന്റെ മെയ്ക്ക് ഓവര്‍ ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് അനുകൂലമായി സുപ്രീം കോടതി വിധി വരുന്നതിനും മുമ്പേ നമ്പി നാരായണന്റെ ജീവിതം സിനിമയാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മാസങ്ങള്‍ക്കു മുമ്പാണ് ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നഷ്ട പരിഹാരം നല്‍കാന്‍ സുപ്രീം കോടതി വിധി വന്നത്.

ആനന്ദ് മോഹനാണ് റോക്കട്രി: ദ് നമ്പി ഇഫക്ട്’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. നമ്പി നാരായണന്‍ രചിച്ച ‘റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്‍ഡ് ഐ സര്‍വൈവ്ഡ് ദ് ഐഎസ്ആര്‍ഒ സ്‌പൈ കേസ്’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിലപ്പോള്‍ ഒരു മനുഷ്യനോട് ചെയ്യുന്ന തെറ്റ് ഒരു ജനതയോട് ചെയ്യുന്ന തെറ്റാണെന്ന്’ ടീസറില്‍ പറയുന്നുണ്ട്.