ജീര്‍ണിച്ച മൃതദേഹം താഴെയിറക്കാന്‍ മരത്തില്‍ കയറി എസ്ഐ; കൈയടിച്ച് സോഷ്യല്‍മീഡിയ
നല്ല ആശയങ്ങള്‍ ട്രോളുകളിലൂടെ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ സജീവമാണ് കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കൈയടി നേടുകയാണ് കേരളാ പൊലീസ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വിത്യസ്തമായൊരു കുറിപ്പ്. ജീര്‍ണിച്ച മൃതദേഹം താഴെയിറക്കാന്‍ ആരും തയാറാകാതിരുന്നപ്പോള്‍ മരത്തില്‍ കയറി മൃതദേഹം താഴെയിറക്കിയ എസ്ഐ ഇജി വിദ്യാധരനെക്കുറിച്ചുള്ളതാണ് ഈ ഫെയ്സ്ബുക്ക് പോസ്റ്റ്.
കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ജീര്‍ണിച്ച മൃതദേഹം താഴെയിറക്കാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടത് 5000 രൂപ;
ഒടുവില്‍ എസ്ഐ മരത്തില്‍ കയറി.
വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അജ്ഞാതന്റെ ജീര്‍ണിച്ച മൃതദേഹം താഴെയിറക്കാന്‍ 5000 രൂപ ആവശ്യപ്പെട്ടതോടെ എസ്ഐ തന്നെ മരത്തില്‍ കയറി മൃതദേഹം താഴെയിറക്കി. മൃതദേഹം താഴെയിറക്കാന്‍ സഹായിക്കാന്‍ കൂടി നിന്നവരോട് പൊലീസ് അഭ്യര്‍ഥിച്ചെങ്കിലും ആരും അടുക്കാന്‍ തയാറായില്ല. ദുര്‍ഗന്ധം കാരണം എല്ലാവരും അല്‍പ്പം അകലെ മാറിനിന്നു മൂക്കു പൊത്തി. ഇതിനിടെയാണ് മൃതദേഹം താഴെയിറക്കാമെന്നേറ്റ് നാട്ടുകാരിലൊരാള്‍ എത്തിയത്. പക്ഷേ അയാള്‍ 5000 രൂപ പ്രതിഫലം ആവശ്യപ്പെട്ടു. എന്നാല്‍ എസ്ഐ ഇ.ജി.വിദ്യാധരന് ഷൂസ് അഴിച്ചു വച്ച് 40 ഇഞ്ചോളം വണ്ണമുള്ള മരത്തില്‍ കയറി. 15 അടി ഉയരത്തില്‍ ചെന്നു കെട്ടഴിച്ചു സാവധാനം മൃതദേഹം താഴെയിറക്കി. തുടര്‍ന്നു മൃതദേഹം പരിശോധിക്കുകയും ചെയ്തു.
Read more: വേദന എന്തെന്ന് അറിയാത്തൊരു മുത്തശ്ശി
എരുമേലി കനകപ്പലം വനത്തില്‍ ഇന്നലെ ഉച്ചയോടെയാണ് പുരുഷനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞു നൂറുകണക്കിന് ആളുകളും സ്ഥലത്തെത്തിയിരുന്നു. ജീര്‍ണിച്ച തുടങ്ങിയ മൃതദേഹത്തെ അറപ്പോടെ നോക്കി നാട്ടുകാര്‍ മാറി നിന്നെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ക്കു തങ്ങളുടെ കര്‍ത്തവ്യത്തില്‍ നിന്ന് മാറിനില്ക്കാനാവില്ലായിരുന്നു. മൃതദേഹം പിന്നീട് കാട്ടുവള്ളി ഉപയോഗിച്ച് എസ്ഐയും സിഐ എം.ദിലീപ് ഖാനും ഉള്‍പ്പെടുന്ന പൊലീസുകാരും ചേര്‍ന്ന് കെട്ടിയിറക്കി. എന്നാല്‍ നാട്ടുകാരനായ ഒരാള്‍ പോലീസിനെ സഹായിക്കാന്‍ ഉണ്ടായിരുന്നു. എരുമേലി – വെച്ചൂച്ചിറ പാതയിലെ പ്ലാന്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്.