റഹ്മാന്‍ വിസ്മയം ഇനി ‘അവഞ്ചേഴ്‌സ് എന്റ്‌ഗെയി’മിലും

March 27, 2019

അവഞ്ചേഴ്‌സ് എന്റ്ഗെയിമിനായി കാത്തിരിക്കുകയാണ് ഭാഷാഭേദമന്യേ ചലച്ചിത്ര ആസ്വാദകര്‍. ഏപ്രില്‍ ഒന്നിനാണ് ചിത്രം തീയറ്ററുകളിലെത്തുക. എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്ന ഒരു വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാന്‍ അവഞ്ചേഴ്‌സ് എന്റ്‌ഗെയിമിനായി സ്‌പെഷ്യല്‍ ആന്തം ഒരുക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ ഇന്ത്യന്‍ റിലീസിനോടനുബന്ധിച്ചാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ ഗാനമെത്തും.

മാര്‍വല്‍ സൂപ്പര്‍ ഹീറോസിന്റെ പ്രകടനം കാണാന്‍ കാത്തിരുന്ന ഇന്ത്യക്കാര്‍ക്ക് ഇരട്ടി സന്തോഷം പകരുന്നതാണ് ചിത്രത്തെക്കുറിച്ചുള്ള ഈ പുതിയ വാര്‍ത്ത. എആര്‍ റഹ്മാന്‍ തന്നെ ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചിരുന്നു. മികച്ച പ്രതികരണത്തോടെയാണ് ആരാധകര്‍ വാര്‍ത്ത ഏറ്റെടുത്തിരിക്കുന്നതും.

Read more:കഥാകാരി അഷിത ഇനി ഓര്‍മ്മത്താളുകളില്‍

ചലച്ചിത്ര ആസ്വദകര്‍ ഏറ്റവും അധികം പ്രതീക്ഷ അര്‍പ്പിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് അവഞ്ചേഴ്‌സ് എന്റ്‌ഗെയിം. അവഞ്ചേളഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ എന്ന ചിത്രത്തിന്റെ വിജയം തന്നെയാണ് എന്റ്‌ഗെയിമിനായി കാത്തിരിക്കാന്‍ ആരാധകരെ പ്രേരിപ്പിക്കുന്നതും. 250 കോടിയിലും മേലെയാണ് അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ ഇന്ത്യയില്‍ നിന്നു മാത്രമായി നേടിയത്. ഈ ചരിത്രം എന്റ്‌ഗെയിമിലൂടെ വീണ്ടും ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

അതേസമയം ലോകമെമ്പാടുമുള്ള മാര്‍വല്‍ സൂപ്പര്‍ ഹീറോസിന്റെ ആരാധകര്‍ക്കായാണ് ആന്തം ഒരുക്കിയിരിക്കുന്നതെന്നും കുടുംബത്തിലെ അവഞ്ചേഴ്‌സ് ആരാധകരില്‍ നിന്നുപോലും ഗാനം ഒരുക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായി എന്നും എആര്‍ റഹ്മാന്‍ കുറിച്ചു. അവഞ്ചേഴ്‌സിന് ഏറ്റവും ഉചിതമായ സംഗീതം ഒരുക്കണമെന്നായിരുന്നു എല്ലാവരുടെയും ആവശ്യം. സംഗീത ആസ്വാദകര്‍ക്ക് ഈ ഗാനം ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.

മാര്‍വല്‍ കോമിക്‌സിന്റെ ബ്രഹാമാണ്ഡ ചിത്രമാണ് അവഞ്ചേഴ്‌സ് എന്റ്‌ഗെയിം. സര്‍വ്വശക്തനായ താനോസിനെ നേരിടാന്‍ ഒരുങ്ങുകയാണ് അവഞ്ചേഴ്‌സ്. ഇതിനു വേണ്ടി പുതിയ വേഷത്തില്‍ തന്നെയാണ് അവഞ്ചേഴ്‌സ് പട എത്തിയിരിക്കുന്നതും. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. പ്രേക്ഷക പ്രതീക്ഷയ്ക്ക് കരുത്തേകുന്നതാണ് ട്രെയ്‌ലറും.