വേറിട്ട ഗെറ്റപ്പുകളില്‍ നയന്‍താര; ഭയം നിറച്ച് ‘ഐറ’യുടെ ട്രെയ്‌ലര്‍

March 20, 2019

അഭിനയ മികവുകൊണ്ട് വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഐറ’. ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമാവുകയാണ് ‘ഐറ’യുടെ ട്രെയ്‌ലര്‍. ഭയവും ആകാംഷയും സസ്‌പെന്‍സുമെല്ലാം നിറച്ചുകൊണ്ടാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. യുട്യൂബില്‍ റിലീസ് ചെയ്ത ട്രെയ്‌ലര്‍ മണിക്കൂറുകള്‍ക്കൊണ്ട് നാല്‍പതിനായിരത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു.

‘ലക്ഷ്മി’, ‘മാ’ തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സര്‍ജുന്‍ കെ. എം ആണ് ചിത്രത്തിന്റെ സംവിധാനം. കെ ജെ ആര്‍ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അതേ സമയം ‘മായ’, ‘ഡോറ’ തുടങ്ങിയ ഹൊറര്‍ ചിത്രങ്ങള്‍ക്കു ശേഷം നയന്‍താര പ്രധാന കഥാപാത്രമായെത്തുന്ന ഹൊറര്‍ ചിത്രം എന്ന പ്രത്യേകതയും ‘ഐറ’യ്ക്കുണ്ട്.

ഇരട്ട കഥാപാത്രങ്ങളായി ലേഡി സൂപ്പര്‍ സ്റ്റാര്‍ എത്തുന്നു എന്നതാണ് ‘ഐറ’ എന്ന സിനിമയുടെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്ന്. നയന്‍താര കരിയറില്‍ തന്നെ ആദ്യമായി ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ഇത്. യോഗിബാബു, ജയപ്രകാശ്, കലൈരസന്‍, എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Read more:ഇനി ഇഷ്ടമുള്ളപ്പോള്‍ കേള്‍ക്കാം ‘കുമ്പളങ്ങി നൈറ്റ്‌സി’ലെ എല്ലാ ഗാനവും

തികച്ചും വിത്യസ്തങ്ങളായ രണ്ട് കഥാപാത്രങ്ങളെയാണ് ഈ ചിത്രത്തില്‍ നയന്‍താര അവതരിപ്പിക്കുന്നത്. ഇന്ദ്രന്റെ വാഹനമായ ഐരാവതത്തിന്റെ ചുരുക്കപ്പേരാണ് ഐറ എന്നത്. ആനകള്‍ക്ക് തുല്യമായ ഒര്‍മ്മശക്തിയുള്ള ഒരാളാണ് നയന്‍താര അവതരിപ്പിക്കുന്ന ഒരു കഥാപാത്രം. അമ്പരപ്പിക്കുന്ന ഒരു പ്രതികാര കഥ കൂടി പറയുന്നുണ്ട് ഈ ചിത്രം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഐറ എന്ന ചിത്രത്തിനു വേണ്ടിയുള്ള നയന്‍താരയുടെ വിത്യസ്ത ലുക്കുകളും അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു. കഥാപാത്രങ്ങള്‍ക്കനുസരിച്ച് തികച്ചും വിത്യസ്തമായ രണ്ട് ഗെറ്റപ്പുകളിലായാണ് താരം ചിത്രത്തിലെത്തുന്നത്. തമിഴിന് പുറമെ തെലുങ്കിലും ചിത്രം റിലീസ് ചെയ്യും. ഈ മാസം 28നാണ് ‘ഐറ’ തീയറ്ററുളിലെത്തുന്നത്.