‘ആരവ’ത്തിൽ ടോവിനോയുടെ അണിയത്തിരിക്കാൻ നായികയെ അന്വേഷിച്ച് അണിയറ പ്രവർത്തകർ

March 7, 2019

നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയനടനായി മാറിയ ടൊവിനോ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആരവം. നവാഗതനായ ജിത്തു അഷറഫാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലേക്ക് ടോവിനോയുടെ നായികയായി അഭിനയിക്കാൻ  അഭിനേതാക്കളെ അന്വേഷിക്കുകയാണ് അണിയറ പ്രവർത്തകർ.

എഡിറ്റ് ചെയ്യാത്തതും മേക്കപ്പ് ഉപയോഗിക്കാത്തതുമായ മൂന്ന് ഫോട്ടോകളും സ്വയം പരിചയപ്പെടുത്തുന്ന ഒരു വീഡിയോയും ഫോണ്‍ നമ്പരും ബയോഡാറ്റയോടൊപ്പം അയക്കണം. നായികയുടെ പ്രായം വയസ്സ് 16നും 20നും ഇടയിലായിരിക്കണമെന്നും പോസ്റ്ററില്‍ പറയുന്നു.

ഷാഹി കബീര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം വള്ളം കളിയെ ആസ്പദമാക്കിയാണ്  ഒരുങ്ങുന്നത്. ‘ഒരു ദേശത്തിന്റെ താളം’ എന്ന ടാഗ് ലൈനോടുകൂടി എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ടൊവീനോ കഴിഞ്ഞ ദിവസം തന്‍റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു.

അര്‍ച്ചന സിനിമാസ് ആന്‍ഡ് മലയാളം മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ ഹസീബ് ഹനീഫ്, അജി മേടയില്‍, നൗഷാദ് ആലത്തൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അഭിനന്ദൻ രാമാനുജന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം രഹ ഇന്റര്‍നാഷണല്‍ ആയിരിക്കും വിതരണത്തിനെത്തിക്കുക. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികം വൈകാതെ തന്നെ പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.

അതേസമയം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ ആണ് ടോവിനോയുടെതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. ടോവിനോ വില്ലനായി എത്തിയ തമിഴ് ചിത്രം ‘മാരി 2’, നായകനായി എത്തിയ ‘എന്റെ ഉമ്മാന്റെ പേര്’ തുടങ്ങിയ ചിത്രങ്ങൾ മികച്ച പ്രതികരണം നേടിയിരുന്നു.

സലിം അഹമ്മദിന്റെ ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് റ്റു’, ജിയോ ബേബിയുടെ ‘കിലോമീറ്റര്‍സ് ആന്‍ഡ് കിലോമീറ്റര്‍സ്’, ആഷിക് അബു ഒരുക്കുന്ന ‘വൈറസ്’, പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യാന്‍ പോകുന്ന ‘കല്‍ക്കി’, മനു അശോകന്‍ ഒരുക്കുന്ന ‘ഉയരെ’, ബേസില്‍ ജോസഫിന്റെ ‘മിന്നല്‍ മുരളി’ തുടങ്ങിയ ചിത്രങ്ങള്‍ ടൊവീനോയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.