മനോഹരം, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കാവിലെ ‘ഈന്തോല പാട്ട്’; വീഡിയോ
അര്‍ജന്റീന ഫാന്‍സിന്റെ കഥയുമായി മിഥുന് മാനുവല്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കാവ്’. തീയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നതും. കാളിദാസ് ജയറാമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. അര്‍ജന്റീന ആരാധകരുടെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ഐശ്വര്യ ലക്ഷ്മിയാണ് നായിക. അശോകന് ചെരുവിലിന്റെ ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കാവ് എന്ന കഥയെ ആധാരമാക്കിയാണ് മിഥുന് മാനുവല്‍ സിനിമ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ഈന്തോല…’എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മനോഹരമായൊരു നാടന്‍പാട്ടിന്റെ ശൈലിയിലുള്ളതാണ് ഈ ഗാനം. മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ഗാനത്തിന് ലഭിക്കുന്നതും. മലബാറിലെ കല്യാണ വീടുകളില്‍ പരമ്പരാഗതമായി കേള്‍ക്കുന്നതാണ് ഈന്തോല പാട്ട്.
അതേസമയം ഈ പാട്ട് പ്രശസ്ത തിരക്കഥാകൃത്ത് ടി. ദാമോദരന്റേതാണെന്ന് മകളും എഴുത്തുകാരിയുമായ ദീദി ദാമോദരന്‍ വ്യക്തമാക്കിയിരുന്നു. ഈ ക്രഡിറ്റ്സ് നല്‍കിക്കൊണ്ടാണ് ഗാനം സിനിമയില്‍ ഇടം നേടിയിരിക്കുന്നതും. ഇതു വ്യക്തമാക്കുന്ന കുറിപ്പും ദീദി ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരുന്നു.
“പെടുന്നനെ ഈന്തോലപ്പാട്ട് എഫ്.എമ്മില്‍ കേട്ടപ്പോള്‍ വീണ്ടും ആ നീതികേടിന്റെ ഭാരമായിരുന്നു മനസ്സില്‍. എഫ്.എമ്മില്‍ വിളിച്ചപ്പോള്‍ അത് Argentina Fans കാട്ടൂര്‍ക്കടവ് എന്ന സിനിമയിലെതാണെന്നറിഞ്ഞു. സംവിധായകന് മിഥുന് മാന്വല്‍ തോമസ്സും സംഗീത സംവിധായകന് ഗോപീസുന്ദര്‍ ആണെന്നും അറിഞ്ഞു. യു ട്യൂബില്‍ ചെക്ക് ചെയ്തപ്പോള്‍ ആ പാട്ടിന് ആര്‍ക്കും ക്രെഡിറ്റ് കൊടുത്തിട്ടില്ല . മലബാറില്‍ കല്യാണ വീടുകളില്‍ പതിറ്റാണ്ടുകളായി പാടി വരുന്നതാണ് എന്നേയുള്ളൂ. അത്രയും ആശ്വാസം . ഉടനെ സംവിധായകന് മിഥുന് മാന്വലിനെ വിളിച്ചു. എന്നാല്‍ സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ സിനിമക്കാര്‍ പെരുമാറുന്നതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തവും അന്തസ്സുറ്റതുമായിരുന്നു മിഥുന് മാന്വലിന്റെ പ്രതികരണം . ആ പാട്ട് എങ്ങിനെയാണ് കിട്ടിയത് എന്നു മിഥുന് പറഞ്ഞു.
കല്ലാണക്കച്ചേരികളില്‍ പാടി നടക്കുന്നവരില്‍ നിന്നും സംബാദിച്ചതാണെന്നും അതിനവര്‍ക്ക് അര്‍ഹമായ റെമ്യൂണറേഷനും കൊടുത്തിട്ടുണ്ടെന്നും പറഞ്ഞു. എന്നാല്‍ തിരക്കഥാകൃത്ത് ദാമോദരന്‍ മാഷ് എഴുതി ഈണം നല്കിയ പാട്ടാണ് എന്നറിഞ്ഞപ്പോള്‍ യാതൊരു മടിയുമില്ലാതെ അത് അംഗീകരിച്ച് എന്തു വേണമെങ്കിലും ചെയ്യാന്‍ തയ്യാറാണെന്ന് അറിയിക്കുകയാണ് ചെയ്തത്. ഒറ്റക്കാര്യമേ അവരോട് ആവശ്യപ്പെട്ടിരുന്നുള്ളു, ആ പാട്ട് അനാഥമല്ല , അതിന് അര്‍ഹിക്കുന്ന രീതിയില്‍ അച്ഛന് ക്രെഡിറ്റ് കൊടുത്ത് തിരുത്തണം എന്ന് മാത്രം. ഇത് ഒരു നിലക്കും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസിനും കൂട്ടത്തിനും പോകാനല്ല എന്നും സംവിധായകനോട് വ്യക്തമാക്കിയിരുന്നു. പിന്നെ സംഗീത സംവിധായകന് ഗോപീസുന്ദറിനോടും. ഗോപിയും തികഞ്ഞ ബഹുമാനത്തോടെ എന്തു തിരുത്തലിനും തയ്യാറാണെന്ന് അറിയിക്കുകയാണ് ചെയ്തത്.
അങ്ങനെ വെളളിയാഴ്ച റിലീസ് ദിവസം തന്നെ കോഴിക്കോട് റീഗല്‍ തിയറ്ററില്‍ അവസാന ഷോക്ക് പടം കണ്ടു. സിനിമയുടെ തുടക്കത്തില്‍ തന്നെ അച്ഛനോടുള്ള ആദരസൂചകമായി പാട്ടിന്റെ ക്രെഡിറ്റ് അച്ഛന് നല്‍കിക്കൊണ്ട് എഴുതിക്കാണിച്ചപ്പോള്‍ കണ്ണു നിറഞ്ഞു. ഒറ്റ ഫോണ്‍ കോളില്‍ വാക്ക് പാലിച്ച സംവിധായകന് മിഥുന് മാന്വലിന് സ്നേഹം. ക്ലൈമാക്സില്‍ അച്ഛന്റെ ഇന്തോലപ്പാട്ട് എത്തിയപ്പോള്‍ ഹൃദയം മിടിച്ചു. 2012 ന് ശേഷം ഏഴ് വര്‍ഷം പിന്നിടുന്ന മറ്റൊരു മാര്‍ച്ച് മാസത്തില്‍ വീണ്ടും അച്ഛന്റെ ശ്വാസം വെളളിത്തിരയില്‍ മിടിച്ചപ്പോള്‍ ആത്മാവിന്റെ മരിക്കാത്ത സാന്നിധ്യം അറിയാതെ അറിയുകയായിരുന്നു. കണ്ണു നിറയാതെ കടന്നു പോകാനാകുമായിരുന്നില്ല ആ പാട്ട്.” ദീദി ഫെയ്സ്ബുക്കില്‍ കുറിച്ചു.
Read more:ധോണിക്കൊപ്പം ആറ് ഭാഷകള്‍ സംസാരിച്ച് കുട്ടിസിവ; കൈയടിച്ച് സോഷ്യല്‍ മീഡിയ
ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ജോണ്‍ മന്ത്രിക്കലും മിഥുന് മാനുവലും ചേര്‍ന്നാണ് തിരക്കഥ.