ക്യൂട്ട് ജോഡിയായി ഫഹദ് ഫാസിലും സായി പല്ലവിയും; ശ്രദ്ധേയമായി ‘അതിരനി’ലെ താരാട്ടു പാട്ട്

March 28, 2019

ചില പാട്ടുകള്‍ കാലാന്തരങ്ങള്‍ക്കും അപ്പുറമാണ്. അവയിങ്ങനെ ആസ്വാദകരുടെ ഹൃദയത്തില്‍ തളംകെട്ടി കിടക്കും. ഇത്തരത്തില്‍ ഒട്ടനവധി ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിണ്ട് പി. ജയചന്ദ്രന്‍ എന്ന ഗായകന്‍. ഹൃദയത്തില്‍ നിന്നും അത്ര പെട്ടെന്ന് പറിച്ചെറിയാന്‍ പറ്റുന്നതല്ല ജയചന്ദ്രന്‍ പാടിയ പാട്ടുകള്‍. അത്രമേല്‍ ഭാവാര്‍ദ്രമാണ് അദ്ദേഹത്തിന്റെ ആലാപനം. അതുകൊണ്ടുതന്നെയാണല്ലോ മലയാളത്തിന്റെ ഭാവ ഗായകന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതും. ഇപ്പോഴിതാ വീണ്ടും ഭാവഗായകന്റെ ഒരു ഗാനം ശ്രദ്ധേയമാവുകയാണ്. അതിരന്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ജയചന്ദ്രന്റെ പുതിയ പാട്ട്.

മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലും സായി പല്ലവിയും ഒരുമിക്കുന്ന പുതിയ ചിത്രമാണ് ‘അതിരന്‍’. മനോഹരമായ ഒരു താരാട്ടു പാട്ടിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. സിനിമയിലെ സായി പല്ലവിയുടെ ചെറുപ്പം മുതലുള്ള ഫോട്ടോകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ലിറിക്കല്‍ വീഡിയോ ഒരുക്കിയിരിക്കുന്നത്. രഞ്ജി പണിക്കര്‍ സായി പല്ലവിയുടെ അച്ഛനായും ചിത്രത്തിലെത്തുന്നു എന്ന സൂചന നല്‍കുന്നുണ്ട് ഈ പാട്ട്. വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികള്‍. പിഎസ് ജയ്ഹരി സംഗീതം പകര്‍ന്നിരിക്കുന്നു. ആലാപനമാധുര്യം വേണ്ടുവോളം നിറഞ്ഞു തുളുമ്പുന്നുണ്ട് ഈ പാട്ടില്‍.

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടപ്പോള്‍ മുതല്‍ക്കെ പ്രേക്ഷകര്‍ അതിരന്‍ എന്ന ചിത്രത്തെ ഏറ്റെടുത്തിരുന്നു. നിരവധി പേരുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസുകളില്‍ പോലും ഇടം നേടിയിരുന്നു അതിരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച അതിരന്റെ ലൊക്കേഷന്‍ കാഴ്ചകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. വിവേക് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. കഥയും വിവേകിന്റേത് തന്നെ. പിഎഫ് മാത്യൂസിന്റേതാണ് തിരക്കഥ. സെഞ്ച്വറി ഇന്‍വെസ്റ്റ്‌മെന്റ് ആണ് അതിരന്റെ നിര്‍മ്മാണം. സെഞ്ചുറി ഫിലിംസിന്റെ 125 ാമത്തെ ചിത്രം എന്ന പ്രത്യേകതും അതിരനുണ്ട്. ഏപ്രിലില്‍ ചിത്രം തീയറ്ററുകളിലെത്തും.

read more:‘ലൂസിഫര്‍’ തീയറ്ററുകളില്‍; ആവേശ തിരയിളക്കത്തില്‍ ആരാധകര്‍: വീഡിയോ

തികച്ചും വിത്യസ്തമായ ഗെറ്റപ്പിലാണ് ഫഹദ് ഫാസില്‍ ചിത്രത്തിലെത്തുന്നത് എന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലുള്ളതായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും. അടുത്തിടെ പുറത്തെത്തിയ ലൊക്കേഷന്‍ ചിത്രങ്ങളും ഇത് ശരി വെയ്ക്കുന്നുണ്ട്. സായി പല്ലവിയും മനോഹരമായി തന്നെയാണ് ലൊക്കേഷന്‍ ഫോട്ടോകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ക്യൂട്ട് ജോഡി എന്നാണ് ഇരുവരുടെയും ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ നല്‍കുന്ന കമന്റ്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും അതിരന്‍ തീയറ്ററുകളിലെത്തും. ഫഹദ് ഫാസിലും സായി പല്ലവിയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘അതിരന്‍’. 2008 ല്‍ പുറത്തിറങ്ങിയ ‘ധൂം ധാം’ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള സായി പല്ലവിയുടെ അരങ്ങേറ്റം. 2012 ല്‍ പുറത്തിറങ്ങിയ ‘പ്രേമം’ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കും താരം ചുവടുവെച്ചു. പ്രേമത്തിലെ മലര്‍ മിസ് എന്ന കഥാപാത്രം മികച്ച പ്രേക്ഷക സ്വീകര്യത നേടിയിരുന്നു. തുടര്‍ന്ന് 2016 ല്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ‘കലി’ എന്ന ചിത്രത്തിലും സായി പല്ലവി തിളങ്ങി. താരത്തിന്റെ മൂന്നമത്തെ മലയാള ചിത്രമാണ് അതിരന്‍.