‘ലൂസിഫര്‍’ തീയറ്ററുകളില്‍; ആവേശ തിരയിളക്കത്തില്‍ ആരാധകര്‍: വീഡിയോ

March 28, 2019

മലയാള ചലച്ചിത്രലോകം ഏറെ ആകാംഷയോടെ കാത്തിരുന്ന ലൂസിഫര്‍ എന്ന ചിത്രം ഒടുവില്‍ തീയറ്ററുകളിലേക്ക്. മലയാളികളുടെ പ്രിയതാരം പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരംഭത്തില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായി എത്തുമ്പോള്‍ ആവേശ തിരയിളക്കത്തിലാണ് ആരാധകര്‍. ഇന്ന് പുലര്‍ച്ചെ മുതല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫാന്‍സ് ഷോകള്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. ഏഴു മണി മുതല്‍ പപ്ലിക്കിനായുള്ള പ്രദര്‍ശനവും ആരംഭിച്ചു.

സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനോടകംതന്നെ ആരാധകരുടെ ആവേശം പ്രകടമാക്കുന്ന നിരവധി വീഡിയോകളാണ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ അഭിനേതാവായി പൃഥ്വിരാജും എത്തുന്നതോടെ വെള്ളിത്തിരയില്‍ വിസ്മയം ഒരുങ്ങുമെന്ന പ്രതീക്ഷയിലാണ് ചലച്ചിത്രലോകം. നിറയെ സസ്‌പെന്‍സുകള്‍ ഒളിപ്പിച്ചുകൊണ്ടായിരുന്നു ചിത്രത്തിന്റെ ഓരോ കാരക്ടര്‍ പോസ്റ്ററുകളും പുറത്തിറങ്ങിയത്. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ട്രെയ്‌ലറും ഏറെ മികവ് പുലര്‍ത്തുന്നുണ്ട്.

പൃഥിരാജ് സംവിധാന രംഗത്തേക്ക് ചുവടുവെയ്ക്കുന്നു എന്നു പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ക്കെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായ് കാത്തിരുന്നത്. ഈ പ്രതീക്ഷയ്ക്ക് മാറ്റു കൂട്ടുന്ന തരത്തിലാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നതും. ട്രെയ്‌ലറിലെ ഈ മികവ് ചിത്രത്തിലുമുണ്ടായാല്‍ ലൂസിഫര്‍ തീയറ്ററുകളിലും മികച്ച പ്രേക്ഷക സ്വീകാര്യത നേടുമെന്ന് ഉറപ്പ്. സംവിധായകനായ ഫാസിലും അഭിനേതാവായി ചിത്രത്തിലെത്തുന്നു. ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ തോമസ് എന്നിവരടക്കം നിരവധി താരനിരകള്‍തന്നെ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.
Read more:ഐപിഎല്‍: പഞ്ചാബിനെ വീഴ്ത്തി കൊല്‍ക്കത്ത; ഇത് രണ്ടാം ജയം

ബോളിവുഡ് താരം വിവേക് ഒബ്‌റോയി വില്ലന്‍ വേഷത്തില്‍ എത്തുന്നു. മഞ്ജുവാര്യരാണ് ലൂസിഫറിലെ നായിക. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായെത്തുന്നു ‘ലൂസിഫര്‍’ എന്ന ചിത്രത്തില്‍. 1500 ഓളം സ്‌ക്രീനുകളിലായാണ് ലൂസിഫറിന്റെ ആദ്യ പ്രദര്‍ശനം. ഒടിയനു ശേഷം മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രംകൂടിയാണ് ലൂസിഫര്‍.