സുരക്ഷിത യാത്ര ലക്ഷ്യമിട്ട് സൗജന്യ ‘ഓട്ടോക്കാരൻ ആപ്പ്’…

March 10, 2019

കേരളത്തിന്റെ നന്മയെക്കുറിച്ച് പലരും വാതോരാതെ പറയുമ്പോൾ ഏറ്റവും കൂടുതൽ കൈയ്യടി നേടുന്നവരാണ് കേരളത്തിലെ ഓട്ടോക്കാർ. മിക്ക സംസ്ഥാനങ്ങളിലെയും ഓട്ടോ ഡ്രൈവർമാർക്ക് നൂറിൽ നൂറ് മാർക്ക് പൊതുസമൂഹം നൽകുമ്പോഴും ചില ഇടങ്ങളിൽ ഓട്ടോ ഡ്രൈവർമാർ ആളുകളെ വട്ടം ചുറ്റിക്കാറുണ്ടെന്നതും വാസ്തവമാണ്. എന്നാൽ ഓണ്‍ലൈന്‍ ടാക്സികളുടെ വരവോടുകൂടി ഓട്ടോ തൊഴിലാളികള്‍ വലിയ  തിരിച്ചടിയാണ് നേരിടുന്നത്.

അതുകൊണ്ടുതന്നെ യാത്രക്കാർക്ക് സുരക്ഷിതവും സുതാര്യവുമായ യാത്ര വാഗ്ദാനം ചെയ്യുകയാണ് ‘ഓട്ടോക്കാരന്‍’ എന്ന സൗജന്യ മൊബൈല്‍ ആപ്ലിക്കേഷന്‍. കഴിഞ്ഞ ദിവസം പ്രസ് ക്ലബ്ലില്‍ നടന്ന ചടങ്ങില്‍ വിഎസ് ശിവകുമാര്‍ എം എല്‍ എയാണ് ‘ഓട്ടോക്കാരന്‍’ എന്ന മൊബൈൽ ആപ്ലിക്കേഷൻ പ്രകാശനം നിര്‍വ്വഹിച്ചത്.

യാത്രകൾ സുരക്ഷിതമാക്കുക, കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് സേവനങ്ങൾ ഒരുക്കികൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഓട്ടോക്കാരൻ ആപ്പ് ഒരുക്കിയിരിക്കുന്നത്. വെഞ്ഞാറമ്മൂട് മുസ്ലീം അസോസിയേഷന്‍ കോളേജ് ഓഫ് എന്‍ജിനീയറിംഗിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളാണ് ആപ്പിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചത്.

Read also: മിനിമം ചാര്‍ജ് പത്ത് രൂപ; കൊച്ചി മെട്രോ സ്‌റ്റേഷനില്‍ നിന്നും പുതിയ ഓട്ടോ സര്‍വ്വീസ്

ഓട്ടോക്കാരൻ ആപ്പിന്റെ തുടക്കത്തിൽ പരീക്ഷണാര്‍ത്ഥം തിരുവനന്തപുരം നഗരം, കഴക്കൂട്ടം, ആറ്റിങ്ങല്‍, നെടുമങ്ങാട്, വെഞ്ഞാറമൂട് എന്നിവിടങ്ങളിലെ അന്‍പതോളം ഓട്ടോകളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടുത്തഘട്ടത്തില്‍ സിറ്റിയിലേയും തിരുവനന്തപുരം ജില്ലയിലെ മറ്റു ഓട്ടോകളേയും ഉള്‍പ്പെടുത്താനും മറ്റു ജില്ലകളിലേക്ക് ഈ സൗകര്യം വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.

അതേസമയം ഓട്ടോറിക്ഷക്കാരുടെ ശ്യംഖല ഓട്ടോക്കാരൻ മൊബൈല്‍ ആപ്ലിക്കേഷനുമായി സഹകരിക്കുന്നതോടുകൂടി സ്റ്റാന്‍ഡുകള്‍ മാത്രം കേന്ദ്രീകരിച്ചു ലഭ്യമാക്കിയിരിക്കുന്ന ഓട്ടോറിക്ഷാ സേവനം എല്ലാ സ്ഥലങ്ങളിലും വ്യാപിപ്പിക്കാനും  സാധിക്കും. പുതിയ സംരംഭം നിലവിൽ വന്നതോടെ യാത്രകൾ കൂടുതൽ സുരക്ഷിതമാകുമെന്നുള്ള വിശ്വാസത്തിലാണ് അധികൃതരും യാത്രക്കാരും.