ഒരു ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങിയത് 27 പേർ- ട്രാഫിക് പോലീസിനെയും അമ്പരപ്പിച്ച കാഴ്ച

July 12, 2022

ഒരു ഓട്ടോയിൽ സഞ്ചരിക്കാവുന്ന ആളുകളുടെ പരമാവധി എണ്ണം നാലാണ്. കൊവിഡ് സജീവമായതോടെ അതിലും കുറവായി. എത്രയൊക്കെ ശ്രമിച്ചാലും ഒരു ഓട്ടോയിൽ കുത്തിനിറച്ചാൽ പോലും പത്തുപേർക്ക് വരെയെ കയറാൻ സാധിക്കു. എന്നാൽ അഞ്ച് അല്ല, പത്തല്ല, 27 പേർ ഒരു ഓട്ടോയിൽ സഞ്ചരിച്ച കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

യുപിയിലെ പോലീസിനെ ഞെട്ടിച്ച കാഴ്ചയാണ് അരങ്ങേറിയത്. തെരുവുകളിൽ അമിതഭാരവുമായി സഞ്ചരിക്കുന്ന വാണിജ്യ വാഹനങ്ങൾ കണ്ടെത്തുന്നത് അസാധാരണമല്ല. ഇന്ത്യക്കാർ പൊതുവെ അങ്ങനെയുള്ള നിയമവിരുദ്ധ സഞ്ചാരങ്ങളിൽ വളരെ മുൻപന്തിയിലാണ്. എന്നിരുന്നാലും, യുപിയിൽ ഒരു ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത 27 യാത്രക്കാരെയാണ് പോലീസ് യാത്രാമധ്യേ തടഞ്ഞത്. വാഹനത്തിൽ ആളുകൾ കുത്തിനിറഞ്ഞു സഞ്ചരിക്കുന്നത് ശ്രദ്ധയിൽ പെട്ടാണ് പോലീസ് പിന്തുടർന്ന് വാഹനം നിർത്തിച്ചത്. എന്നാൽ 27 പേർ വാഹനത്തിലുണ്ടാകും എന്ന് പോലീസും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.

ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിൽ നിന്ന് 125 കിലോമീറ്റർ മാറിയാണ് 27 യാത്രക്കാരുമായി അതിവേഗത്തിൽ വന്ന ഓട്ടോറിക്ഷ ട്രാഫിക് പോലീസ് പിടികൂടിയത്. യാത്രക്കാരോട് വാഹനം ഒഴിയാൻ പോലീസ് ആവശ്യപ്പെട്ടപ്പോൾ, സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 27 പേർ വാഹനത്തിൽ നിന്ന് ഇറങ്ങി വന്നത് പോലീസിനെ അത്ഭുതപ്പെടുത്തി. ഫത്തേപൂരിലെ ബിന്ദ്കി കോട്വാലി പ്രദേശത്തിന് സമീപമാണ് ഓട്ടോ കണ്ടത്. പോലീസ് ഓട്ടോ പിടിച്ചെടുക്കുകയും 11,500 രൂപ പിഴ ചുമത്തുകയും ചെയ്തു.

Read Also: ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ത്രില്ലർ ചിത്രത്തിൽ നായകനായി മമ്മൂട്ടി; എത്തുന്നത് പൊലീസ് വേഷത്തിൽ

വിഡിയോയിൽ, പോലീസുകാർ യാത്രക്കാരെ ഓരോരുത്തരെയായി എണ്ണുന്നത് കാണാം. ഉദ്യോഗസ്ഥർ യാത്രക്കാരെ ഇറക്കാൻ തുടങ്ങിയപ്പോൾ ഡ്രൈവർ ഉൾപ്പെടെ 27 പേർ ഓട്ടോയിൽ നിന്ന് പുറത്തിറങ്ങുന്നത് കണ്ട് അവർ സ്തംഭിച്ചുപോയി. ഞായറാഴ്ച പള്ളിയിൽ ഈദ്-അൽ-അദ്ഹയ്ക്ക് പ്രാർത്ഥന നടത്തിയ ശേഷം യാത്രക്കാർ വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Story highlights-  auto carrying 27 people