ശ്രദ്ധേയമായി ഹരിശ്രീ അശോകന്റെ പുതിയ മേയ്ക്ക്ഓവര്‍

March 13, 2019

നര്‍മ്മ രസങ്ങള്‍ക്കൊണ്ട് പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച താരമാണ് ഹരിശ്രീ അശോകന്‍. നടന്‍ ആയി മാത്രമല്ല സംവിധായകനായും താരം തന്റെ പ്രതിഭ തെലിയിച്ചിട്ടുണ്ട്. ‘ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി എന്നതാണ് ഹരിശ്രീ അശോകന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടുന്നുണ്ട് ഈ ചിത്രം. അതേസമയം ചലച്ചിത്രലോകത്ത് ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ് ഹരിശ്രീ അശോകന്റെ പുതിയ ലുക്ക്. ‘ഇളയരാജ’ എന്ന സിനിമയ്ക്കുവേണ്ടിയുള്ള താരത്തിന്റെ ലുക്കാണ് ശ്രദ്ധേയമാകുന്നത്. മാര്‍ച്ച് 22 ന് ചിത്രം തീയറ്ററുകളിലെത്തും.

അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്ഥതകൊണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധ നേടിയ ഗിന്നസ് പക്രു കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമയാണ് ‘ഇളയരാജ’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്. ചെസ് കളിയുടെ ആകാംഷയും ആവേശവും വാശിയുമെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. ചെസ് കളി തന്നെയാണ് ചിത്രത്തിന്റെ പ്രമേയവും.

വനജന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഗിന്നസ് പക്രു അവതരിപ്പിക്കുന്നത്. ഗോഗുല്‍ സുരേഷ്, ദീപക് തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മാധവ് രാംദാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇളയരാജ’. മേല്‍വിലാസം’, ‘അപ്പോത്തിക്കിരി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മാധവ് രാംദാസന്‍.

Read more:ക്രിക്കറ്റ് താരമായി ദുല്‍ഖര്‍ സല്‍മാന്‍; ‘ദ് സോയ ഫാക്ടര്‍’ റിലീസ് തീയതി പുറത്ത്

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ പലതും ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമായിരുന്നു. ഇളയരാജ എന്ന ചിത്രത്തിനു വേണ്ടി മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ ആലപിച്ച ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ‘എന്നാലും ജീവിതമാകെ സങ്കടമതിലധികം…’ എന്നു തുടങ്ങുന്ന ഗാനമാണ് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമാകുന്നത്. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റേതാണ് വരികള്‍. രതീഷ് വേഗ സംഗീതം പകര്‍ന്നിരിക്കുന്നു.

ഇളയരാജ എന്ന ചിത്രത്തിനു വേണ്ടി മലയാളികളുടെ പ്രിയതാരം ജയസൂര്യയും ഒരു ഗാനം ആലപിച്ചിട്ടുണ്ട്. അടുത്തിടെ ഈ ഗാനത്തിന്റെ വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. താരം ആലപിച്ച കപ്പലണ്ടി പാട്ടിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ജയസൂര്യയുടെ ആലാപനം ഏറെ മികച്ചതാണെന്നാണ് പലരുടെയും കമന്റ്.