ചൂടുകാലത്തെ ക്ഷീണം അകറ്റാൻ ശീലമാക്കാം ഈ പാനീയങ്ങൾ
ചൂട് വളരെയധികം കൂടി വരികയാണ്..ഈ ദിവസങ്ങളിൽ പകൽ സമയത്ത് വേണ്ടത്ര കരുതലോടെയല്ലാതെ പുറത്തിറങ്ങുന്നത് തന്നെ അപകടങ്ങൾ വിളിച്ചുവരുത്തുന്നതിന് തുല്യമാണ്. പുറത്തിറങ്ങിയാല്‍ നല്ല കനത്ത ചൂട് ആയതുകൊണ്ടുതന്നെ നാം ഇപ്പോഴും വെള്ളം കുടിയ്ക്കാൻ ആഗ്രഹിക്കും. ഇത് ശരീരത്തിലെ ജലാംശം കുറയാതെ സംരക്ഷിക്കും. എന്നാൽ പുറത്തുനിന്ന് വെള്ളം കുടിയ്ക്കുമ്പോൾ അതിന്റെ ശുചിത്വം ഉറപ്പുവരുത്തണം. കൂടുതലും തിളപ്പിച്ചാറ്റിയ വെള്ളം കുടിയ്ക്കാൻ ശ്രമിക്കണം.
ചൂടുകാലത്ത് പെട്ടെന്ന് ക്ഷീണിക്കുന്നവരും തളര്‍ച്ച അനുഭവപ്പെടുന്നവരും നിരവധിയാണ്. അതുകൊണ്ടുതന്നെ കുടിയ്ക്കുന്ന വെള്ളത്തിന്റെ അളവ് ക്രമാതീതമായി ഉയർത്തേണ്ടതുണ്ട്. ഭക്ഷണക്രമം കൊണ്ട് ഒരു പരിധി വരെ ഈ തളര്‍ച്ചയെ അകറ്റി നിര്‍ത്താം. ചൂടുകാലത്തുണ്ടാകുന്ന ക്ഷീണത്തെ അകറ്റാന്‍ കുറച്ചു പാനീയങ്ങൾ പരിചയപ്പെടാം.
സംഭാരം
ചൂടുകാലത്ത് മനസിനും ശരീരത്തിനും ഒരുപോലെ ഉണർവ് നൽകുന്ന ഒരു പാനീയമാണ് സംഭാരം. ശരീരത്തിലെ വിഷാംശങ്ങളെ ഇല്ലതാക്കാനും സംഭാരം സഹായിക്കുന്നു. ഇത് ശീലമാക്കുന്നതുവഴി ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാൻ സാധിക്കും. ധാരാളം ഗുണങ്ങളുള്ള മോര് ചൂടുകാലത്ത് ശീലമാക്കിയാല്‍ ക്ഷീണത്തെ ഒരുപരിധിവരെ അകറ്റിനിര്‍ത്താന്‍ സാധിക്കും.
അതുപോലെപ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ലിപ്പിഡുകള്‍, എന്‍സൈമുകള്‍ എന്നിവയെല്ലാം മോരില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം പ്രദാനം ചെയ്യാന്‍ ഇവ സഹായിക്കും. സംഭാരം ശരീരത്തിലെ ജലാംശത്തെ നിലനിര്‍ത്തുന്നതിനും സഹായകമാണ്.
Read also: അന്തരീക്ഷതാപം ക്രമാതീതമായി വര്‍ധിച്ചുവരുന്നു; കരുതലോടെ ഇരിക്കാൻ ചില മാർഗങ്ങൾ..
നെല്ലിക്ക ജ്യൂസ്
വിറ്റാമിന്‍ സി ധാരാളമുണ്ട് നെല്ലിക്കയില്‍. ദിവസേന ഒരു ഗ്ലാസ് നെല്ലിക്കാ ജ്യൂസ് പതിവാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. കൊടും ചൂടില്‍ ക്ഷീണം അകറ്റാന്‍ അത്യുത്തമമാണ് നെല്ലിക്ക ജ്യൂസ്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും നെല്ലിക്ക ജ്യൂസ് സഹായകമാണ്. ദേഹത്തിനും ദാഹത്തിനും ഏറെ നല്ലതാണ് നെല്ലിക്ക ജ്യൂസ്.
ഇളനീര്‍ ജ്യൂസ്
ആന്റീ ഓക്‌സിഡന്റുകള്‍ ധാരളമടങ്ങിയ പാനീയമാണ് കരിക്കിന്‍ ജ്യൂസ്. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ധാതുക്കളാല്‍ സമ്പന്നമായ കരിക്കിന്‍ വെള്ളവും ചൂടുകാലത്ത് നല്ലതുതന്നെ.
തണ്ണിമത്തന്‍ ജ്യൂസ്
തണ്ണിമത്തനും ചൂടില്‍ നിന്നും രക്ഷ നേടാന്‍ സഹായകരമാണ്. ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട് തണ്ണിമത്തനിൽ. കനത്ത ചൂടുമൂലം നേരിടേണ്ടി വരുന്ന ക്ഷീണത്തിനു ഒരു പരിധി വരെ പരിഹാരം നല്‍കാന്‍ ഈ പാനിയത്തിനും സാധിക്കും.