ശ്രദ്ധേയമായി ഇളയരാജയിലെ പുതിയ ഗാനം; വീഡിയോ

March 8, 2019

ചില പാട്ടുകള്‍ കാലാന്തരങ്ങള്‍ക്കും അപ്പുറമാണ്. അവയിങ്ങനെ ആസ്വാദകരുടെ ഹൃദയത്തില്‍ തളംകെട്ടി കിടക്കും. ഇത്തരത്തില്‍ ഒട്ടനവധി ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിണ്ട് പി. ജയചന്ദ്രന്‍ എന്ന ഗായകന്‍. ഹൃദയത്തില്‍ നിന്നും അത്ര പെട്ടെന്ന് പറിച്ചെറിയാന്‍ പറ്റുന്നതല്ല ജയചന്ദ്രന്‍ പാടിയ പാട്ടുകള്‍. അത്രമേല്‍ ഭാവാര്‍ദ്രമാണ് അദ്ദേഹത്തിന്റെ ആലാപനം. അതുകൊണ്ടുതന്നെയാണല്ലോ മലയാളത്തിന്റെ ഭാവ ഗായകന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതും. ഇപ്പോഴിതാ വീണ്ടും ഭാവഗായകന്റെ ഒരു ഗാനം ശ്രദ്ധേയമാവുകയാണ്. ഇളയരാജ എന്ന ചിത്രത്തിനു വേണ്ടിയാണ് പി ജയചന്ദ്രന്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

എന്നാലും ജീവിതമാകെ സങ്കടമതിലധികം എന്നു തുടങ്ങുന്ന ഗാനമാണ് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമാകുന്നത്. ഗാനത്തിന്റെ മെയ്ക്കിങ് വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നതും. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റേതാണ് വരികള്‍. രതീഷ് വേഗ സംഗീതം പകര്‍ന്നിരിക്കുന്നു.

അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്ഥതകൊണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധ നേടിയ ഗിന്നസ് പക്രു കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമയാണ് ‘ഇളയരാജ’. വനജന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഗിന്നസ് പക്രു അവതരിപ്പിക്കുന്നത്. ഗോഗുല്‍ സുരേഷ്, ദീപക്, ഹരിശ്രീ അശോകന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മാധവ് രാംദാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇളയരാജ’. മേല്‍വിലാസം’, ‘അപ്പോത്തിക്കിരി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മാധവ് രാംദാസന്‍.

Read more:കൈനിറയെ പൂക്കളും നിറ പുഞ്ചിരിയുമായ് സൗബിന്‍; ശ്രദ്ധേയമായി ‘അമ്പിളി’യുടെ ഫസ്റ്റ്‌ലുക്ക്

ഇളയരാജ എന്ന ചിത്രത്തിനു വേണ്ടി മലയാളികളുടെ പ്രിയതാരം ജയസൂര്യയും ഒരു ഗാനം ആലപിച്ചിട്ടുണ്ട്. അടുത്തിടെ ഈ ഗാനത്തിന്റെ വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. താരം ആലപിച്ച കപ്പലണ്ടി പാട്ടിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.  ജയസൂര്യയുടെ ആലാപനം ഏറെ മികച്ചതാണെന്നാണ് പലരുടെയും കമന്റ്.  അതേസമയം മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേട്ടത്തിന്‍റെ നിറവിലാണ് താരമിപ്പോള്‍. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യയെത്തേടി പുരസ്കാരമെത്തിയത്.