ഐ പി എൽ; മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും നേർക്കുനേർ, ടോസ് നേടി ബംഗളുരു

March 28, 2019

ഐ പി എൽ  പന്ത്രണ്ടാം സീസണിന്റെ ഇന്നത്തെ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ നേരിടാനൊരുങ്ങി റോയൽ ചലഞ്ചേഴ്‌സ് ബംഗളുരു.  ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് ബെംഗളൂരു ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന കളിയിൽ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുമാണ് ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തില്‍ തോറ്റ ഇരു ടീമകളും കളിക്കളത്തിൽ ഇറങ്ങുമ്പോൾ വിജയം ആരുടെ ഭാഗത്താകുമെന്നുള്ള ആകാംക്ഷയിലാണ് ആരാധകർ.

ആദ്യകളിയിൽ തോറ്റ ഇരുടീമുകളും രണ്ടാം മത്സരത്തില്‍ ജയിച്ച് ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. അതേസമയം മുംബൈക്കെതിരെ ടോസ് നേടിയ ബംഗളുരു ബൗളിംഗ് തിരഞ്ഞെടുത്തു. ഉദ്‌ഘാടന മത്സരത്തിൽ ചെന്നൈക്കെതിരെ ഏഴ് വിക്കറ്റിനാണ് ബംഗളുരു പരാജയപ്പെട്ടത്. കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട്  37 റൺസിനാണ് മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടത്.

അതേസമയം ആദ്യ മൽസരത്തിനിടെ തോളിനു പരുക്കേറ്റ പേസ് ബോളർ ജസ്പ്രീത് ബുമ്ര കളിയിലേക്ക് തിരിച്ചെത്തുന്ന മത്സരത്തിൽ ബുമ്ര തന്നെയാണ് മുംബൈ ടീമിന്റെ പ്രതീക്ഷ. ഐപിഎല്ലിൽ ബാംഗ്ലൂരിനെ തുടർച്ചയായി അഞ്ചു മൽസരങ്ങളിൽ തോൽപ്പിച്ച ടീമാണ് മുംബൈ. ഇന്ന് വീണ്ടും ചരിത്രം ആവർത്തിക്കപ്പെടുമെന്നുള്ള പ്രതീക്ഷയിലാണ് മുംബൈ താരങ്ങൾ.

Read also:ഐ പി എൽ; ടിക്കറ്റ് തുക സൈനികരുടെ കുടുംബത്തിന് കൈമാറി ധോണി

എന്നാൽ ഏറ്റവും ഒടുവിൽ ഇരു ടീമുകളും നേർക്കുനേർ എത്തിയപ്പോൾ കഴിഞ്ഞ സീസണിൽ ബാംഗ്ലൂർ മുംബൈയെ വീഴ്ത്തിയിരുന്നു. ഇതിന്റെ ആത്മവിശ്വാസത്തിലാണ് ബംഗളുരു ടീം.